Saturday, November 28, 2015

തുളസി മാഹാത്മ്യം

ഹൈന്ദവര്‍ ഏറ്റവും പവിത്രവും പുണ്യകരവുമായി കരുതി ആരാധിക്കുന്ന ഒരു ചെടിയാണ്‌ തുളസി. ലക്ഷ്മീദേവിതന്നെയാണ്‌ തുളസിച്ചെടിയായി അവതരിച്ചിരിക്കുന്നത്‌ എന്നാണ്‌ ഹൈന്ദവവിശ്വാസം. ഇല, പൂവ്‌, കായ്‌, തൊലി, തടി, വേര്‌ തുടങ്ങി തുളസിച്ചെടിയുടെ സകലഭാഗങ്ങളും പവിത്രമാണ്‌. തുളസി നില്‍ക്കുന്ന മണ്ണുപോലും പാവനമായി കരുതിവരുന്നു. ദേവീഭാഗവതം, പത്മപുരാണം, സ്കന്ദപുരാണം, നാരദസംഹിത, അഗസ്ത്യസംഹിത തുടങ്ങിയവയിലെല്ലാം തുളസിയുടെ മാഹാത്മ്യം പ്രകീര്‍ത്തിക്കപ്പെട്ടിട്ടുണ്ട്‌.
മഹാവിഷ്ണുവിന്റെ ഭാര്യമാരായിരുന്ന സരസ്വതിയും ഗംഗയും ലക്ഷ്മിയും പരസ്പരം കലഹിക്കുകയും ശപിക്കുകയും ചെയ്തു. ശാപഫലമായ ഗംഗയും സരസ്വതിയും ഭൂമിയില്‍ നദിയായി അവതരിച്ചു. ലക്ഷ്മിയാകട്ടെ ധര്‍മധ്വജന്റെ പുത്രിയായി ഭൂമിയില്‍ അയോനിജയായി ജനിച്ചു. വിഷ്ണുവിന്റെ അംശമായ ശംഖചൂഡന്‍ എന്ന അസുരനെയാണ്‌ തുളസി വിവാഹം ചെയ്തത്‌. വൃന്ദാ, വൃന്ദാവനി, വിശ്വപൂജിത, വിശ്വപാവനി, പുഷ്പസാര, നന്ദിനി, കൃഷ്‌യണജീവനി തുടങ്ങിയവ തുളസിയുടെ നാമങ്ങളാണ്‌ സംസ്കൃതത്തില്‍ സുഗന്ധ, ഭൂതഘ്നി, ദേവദുന്ദുഭി, വിഷ്ണുപ്രിയ തുടങ്ങിയ പേരുകളിലും തുളസി അറിയപ്പെടുന്നു. തുളസിയുടെ മാഹാത്മ്യത്തെക്കുറിച്ച്‌ പത്മപുരാണം 24-ാ‍ം അദ്ധ്യായത്തില്‍ വിവരിക്കുന്നുണ്ട്‌. തുളസിയുടെ മഹാത്മ്യത്തെക്കുറിച്ച്‌ പത്മപുരാണം 24-ാ‍ം അദ്ധ്യായത്തില്‍ വിവരിക്കുന്നുണ്ട്‌.
തുളസിയുടെ വിറകുകൊണ്ട്‌ ദഹിപ്പിക്കുന്നവരുടെ ആത്മാവിന്‌ വിഷ്ണുലോകത്തില്‍ ശാശ്വതസ്ഥാനം ലഭിക്കുന്നതാണ്‌. അഗമ്യാഗമനാദി മഹാപാപങ്ങള്‍ ചെയ്തിട്ടുള്ളവരുടെ ശരീരമാണെങ്കിലും തുളസിവിറകുകൊണ്ട്‌ ദഹിപ്പിച്ചാല്‍ പാപവിമുക്തമാകുന്നതാണ്‌. മരണസമമയത്ത്‌ ഭഗവാന്റെ നാമങ്ങള്‍ ഉച്ചരിക്കുകയും സ്മരിക്കുകയും തുളസിവിറകുകൊണ്ട്‌ ദഹിപ്പിക്കപ്പെടുകയും ചെയ്താല്‍ അവന്‌ പുനര്‍ജന്മം ഉണ്ടാകുന്നതല്ല. ഒരു കോടി പാപം ചെയ്തവനും ദഹിപ്പിക്കപ്പെടുന്ന അവസരത്തില്‍ വിറകുകളുടെ അടിയിലായി ഒരു തുളസീഖണ്ഡം ഉണ്ടായിരുന്നാല്‍ മോക്ഷം ലഭ്യമാകുന്നതാണ്‌. ഗംഗാജലം തളിച്ചാല്‍ അശുദ്ധവസ്തുക്കള്‍ പരിശുദ്ധങ്ങളാകുന്നതുപോലെ തുളസിമരം ചേര്‍ന്നാല്‍ വിറകുകള്‍ പരിശുദ്ധമായിത്തീരുന്നു. തുളസിച്ചെടികൊണ്ട്‌ ചിതയുണ്ടാക്കി ദഹിപ്പിക്കപ്പെടുന്നവനെ കണ്ടാല്‍ യമദൂതന്മാര്‍ പാഞ്ഞുപോവുകയും വിഷ്ണുദൂതന്മാര്‍, അടുത്തുവരികയും ചെയ്യുന്നു. വിഷ്ണു അവനെ കാണുന്നയുടനെ കൈയ്ക്കുപിടിച്ച്‌ സ്വഹൃഹത്തില്‍ കൊണ്ടുപോയി പാപമെല്ലാം നീക്കി സ്വര്‍ഗവാസികള്‍ കാണ്‍കെ മഹോത്സവം നടത്തുന്നു. തുളസിത്തീകൊണ്ട്‌ വിഷ്ണുവിന്‌ ഒരു വിളക്കുവച്ചാല്‍ അനേകലക്ഷം വിളക്കിന്റെ പുണ്യഫലം നേടും. തുളസി അരച്ച്‌ സ്വദേഹത്തില്‍ പൂശി വിഷ്ണുവിനെ പൂജിച്ചവന്‍ ഒരു ദിവസം കൊണ്ടുതന്നെ നൂറു പൂജയുടെയും നൂറു പശുദാനത്തിന്റെയും ഫലം നേടും.
വിഷ്ണുപൂജയ്ക്ക്‌ തുളസിയില അതിവിശിഷ്ടമാണ്‌. തുളസിച്ചെടിയുടെ ചുവട്ടില്‍ വെള്ളമൊഴിച്ചശേഷം അതിനെ ഭക്തിപൂര്‍വ്വം പ്രദക്ഷിണം ചെയ്തിട്ടുവേണം തുളസിയില ഇറുത്തെടുക്കാന്‍. ദേഹശുദ്ധിയോടും മനഃശുദ്ധിയോടുംകൂടിവേണം തുളസിയെ സ്പര്‍ശിക്കാന്‍ തന്നെ.
ഭവനത്തിന്‌ മുന്നില്‍ തുളസിത്തറയില്‍ തുളസി നട്ടുവളര്‍ത്തുന്നതും അതിനെ പരിരക്ഷിക്കുന്നും ശ്രേയസ്കരമാണ്‌. ദിവസവും അതിന്‌ ചുവട്ടില്‍ ശുദ്ധജലമൊഴിക്കുക, സന്ധ്യയ്ക്ക്‌ തുളസിത്തറയില്‍ ദീപം തെളിയിക്കുക എന്നിവയൊക്കെ അനുഷ്ഠിക്കാവുന്നതാണ്‌. വ്യാഴം, ബുധന്‍, ശുക്രന്‍ എന്നീ ഗ്രഹങ്ങളുടെ ദശാകാലങ്ങളുള്ളവര്‍ നിത്യവും ഭക്തിപൂര്‍വം തുളസിയെ പ്രദക്ഷിണം വയ്ക്കുന്നത്‌ ദോഷശാന്തിയും ഐശ്വര്യലബ്ധിയും നല്‍കുന്നു. ഇവര്‍ തുളസിമാല ധരിക്കുന്നതും ഉത്തമം. വീട്ടുമുറ്റത്തെ തുളസിച്ചെടി അന്തരീക്ഷത്തെ ശുദ്ധീകരിക്കുന്നതും വലിയ അളവില്‍ സഹായിക്കുന്നുണ്ട്‌. ഏകാദശി വ്രതമനുഷ്ഠിക്കുന്നവര്‍ പാരണവിടുന്നതിന്‌ മുന്‍പ്‌ തുളസിച്ചുവട്ടില്‍ വെള്ളമൊഴിക്കുകയും തുളസിയിലയിട്ട തീര്‍ത്ഥം സേവിക്കുകയും ചെയ്യുന്നത്‌ അതിവിശേഷമാണ്‌.

കൃഷ്ണ തുളസി

പരാമർശമുള്ള തുളസി, പിരിമുറുക്കം കുറയ്ക്കാനുള്ള കഴിവുള്ള ഔഷധമാണ്‌ . കറുത്ത തുളസിക്കും വെളുത്ത തുളസിക്കും യഥാക്രമം കൃഷ്ണതുളസിയെന്നും,രാമതുളസിയെന്നും പറയുന്നു. ഇതിൽ കൃഷ്ണതുളസിക്കാണ് ഔഷധഗുണം കൂടുതലുള്ളത്.ഒരു ആയുർവേദ ഔഷധം കൂടിയാണിത്.ഭാരതത്തിലെ പല ആചാരങ്ങളിലും തുളസി ഉപയോഗിച്ചുവരുന്നു. പൂജകൾക്കും മാല കോർക്കാനും ഉപയോഗിക്കുന്ന ഇവ കേരളത്തിലെ മിക്ക

രാമതുളസി

ഹൈന്ദവ ഗൃഹങ്ങളിലും മുറ്റത്ത്‌ പ്രത്യേകമായി കെട്ടുന്ന തുളസിത്തറയിൽനടാറുണ്ട് .സംസ്കൃതത്തിൽ തുളസി എന്നാൽ സാമ്യമില്ലാത്തത് എന്നാണർത്ഥം(തുലനമില്ലാത്തത്). തുളസിയുടെ ഗുണങ്ങൾ ഉള്ള മറ്റൊരു ചെടി ഇല്ലാത്തതാണ് തുലനം ഇല്ലാത്തത് എന്ന് പേരിനു പിന്നിൽ.
പ്രത്യേകതകൾ

അര മീ. മുതൽ ഒരു മീ. വരെ ഉയരത്തിൽ തുളസി വളരും. സസ്യത്തിന്റെ തണ്ടുകൾക്ക് ഇരുണ്ട നീലയോ ഇളം പച്ചയോ നിറമാണ്. ധാരാളം ശാഖോപശാഖകളായി വളരുന്ന തുളസിയുടെ ഇലകൾ സമ്മുഖമായാണ് വിന്യസിച്ചിരിക്കുന്നത്. ഇലകൾക്ക് അഞ്ച് സെ.മീറ്ററോളം നീളം വരും; അരികുകൾ ദന്തുരമാണ്; ഇരുവശവും ലോമിലവും ഗ്രന്ഥികളോടു കൂടിയതുമാണ്. പുഷ്പമഞ്ജരിക്ക് ഒരു പ്രധാന തണ്ടും അതിൽ പർവങ്ങളും പർവസന്ധികളുമുണ്ടായിരിക്കും. പർവസന്ധികളിൽ സമ്മുഖവിന്യാസത്തിൽ ഓരോ ജോഡി സഹപത്രങ്ങൾ കാണപ്പെടുന്നു. സഹപത്രങ്ങളുടെ കക്ഷ്യത്തിൽ നിന്ന് മൂന്ന് പുഷ്പങ്ങൾ വീതം ഉണ്ടാകുന്നു. പുഷ്പങ്ങൾക്ക് ഇരുണ്ട നീലയോ പച്ചയോ നിറമായിരിക്കും. ദളങ്ങളും ബാഹ്യദളപുടങ്ങളും ദ്വിലേബിയമായി ക്രമീകരിച്ചിരിക്കുന്നു. നാല് കേസരങ്ങളുണ്ട്. വർത്തികാഗ്രം ദ്വിശാഖിതമാണ്. കായ് വളരെ ചെറുതാണ്. മഞ്ഞയോ ചുവപ്പോ ആണ് വിത്തുകളുടെ നിറം. സസ്യത്തിൽ പ്രത്യേക സുഗന്ധമുള്ള ധാരാളം എണ്ണ ഗ്രന്ഥികളുമുണ്ട്.
ഔഷധഫലം

ചുമ, തൊണ്ടവേദന, ഉദരരോഗങ്ങൾ എന്നിവയെ ശമിപ്പിക്കുന്നു. കൃമിഹരമാണ്. ഇല ഇടിച്ചുപിഴിഞ്ഞ നീർ ചെവി വേദനയെ കുറയ്‌ക്കുന്നു. ത്വക്‌രോഗങ്ങളെ ശമിപ്പിക്കുന്നു. ജ്വരം ശമിപ്പിക്കുന്നു. രുചി വർദ്ധിപ്പിക്കുന്നു. തുളസിയില തണലത്തിട്ടുണക്കി പൊടിച്ച് നാസികാചൂർണമായി ഉപയോഗിച്ചാൽ ജലദോഷം, മൂക്കടപ്പ് എന്നിവയ്ക്ക് ശമനമുണ്ടാകും. തുളസിയില നീര് 10.മി.ലി. അത്രയും തേനും ചേർത്ത് ദിവസവും മൂന്ന് നേരം കുടിച്ചാൽ വസൂരിക്ക്

തുളസി കതിര്‍

ശമനമുണ്ടാകും. ഇലയും പൂവും ഔഷധയോഗ്യഭാഗങ്ങളാണ്. തുളസിയുടെ ഇല ,പൂവ്, മഞ്ഞൾ, തഴുതാമ എന്നിവ സമമെടുത്ത് അരച്ച് വിഷബാധയേറ്റ ഭാഗത്ത് പുരട്ടുകയും അതോടൊപ്പം 6 ഗ്രാംവീതം ദിവസം മൂന്ന് നേരം എന്നകണക്കിൽ 7 ദിവസം വരെ കഴിക്കുകയും ചെയ്താൽ വിഷം പൂർണമായും നശിക്കും. തുളസിയില കഷായം വെച്ച് പല തവണയായി കവിൾ കൊണ്ടാൽ വയ്നാറ്റം മാറും. തുളസിയില ഇടിച്ചു പിഴിഞ്ഞ് നീരിൽ കുരുമുളക് പൊടി ചേർത്ത് കഴിച്ചാൽ ജ്വരം ശമിക്കും. തുളസിയില തിരുമ്മി മണക്കുന്നതും തുളസിയിലയിട്ട് പുകയേല്ക്കുന്നതും പനി മറ്റുള്ളവരിലേക്ക് വരുന്നത് തടയാൻ സഹായിക്കും. തുളസിയില ഇട്ട് തിളപ്പിച്ചാറിയ വെള്ളം രണ്ട് തുള്ളി വീതം കണ്ണിലൊഴിച്ചാൽ ചെങ്കണ്ണ് മാറും. തുളസിയിലയും പാടക്കിഴങ്ങും ചേർത്തരച്ച് പുരട്ടിയാൽ മുഖക്കുരു മാറും. ചിലന്തിവിഷത്തിന് ഒരു സ്പൂൺ തുളസിനീരും ഒരു കഷ്ണം പച്ചമഞ്ഞളും കൂടി അരച്ചു പുരട്ടിയാൽ മതി. ചുമശമന ഔഷധങ്ങൾ‍, സോപ്പ്, ഷാംപൂ, സുഗന്ധദ്രവ്യങ്ങൾ എന്നിവയിൽ‍ തുളസി ഒരു ചേരുവയായും ഉപയോഗിക്കുന്നു

തുളസിച്ചെടിയിൽ കർപ്പൂര സദൃശമായ ഒരിനം തൈലം അടങ്ങിയിരിക്കുന്നു. ഇത് ‘ബാസിൽ കാംഫർ’ എന്നറിയപ്പെടുന്നു. തുളസിച്ചെടി വളരെ ഔഷധഗുണമുള്ള സസ്യമാണ്. ഇത് ജ്വരത്തെ ശമിപ്പിക്കുകയും ഉദരകൃമികളെ നശിപ്പിക്കുകയും ചെയ്യുന്നു. തേൾവിഷം, ചിലന്തിവിഷം, പാമ്പുവിഷം

തുളസിപൂവ്

തുടങ്ങിയവയ്ക്കെതിരെയുള്ള പ്രതിവിഷമായും ഇത് ഉപയോഗിക്കാറുണ്ട്. കഫത്തെ ഇളക്കുന്നതിനും മൂത്രം വർദ്ധിപ്പിക്കുന്നതിനും തുളസി ഉത്തമമാണ്. ത്വക്രോഗങ്ങൾക്ക് നല്ലൊരു ഔഷധമായും ഉപയോഗിക്കുന്നു.തുളസി സമൂലമായോ ഇലയും പുഷ്പവും പ്രത്യേകമായോ ഔഷധമായുപയോഗിക്കുന്നു. തുളസിയില തണലത്തിട്ട് ഉണക്കിപ്പൊടിച്ച് നാസികാചൂർണമായി ഉപയോഗിക്കാം. ഇത് മൂക്കടപ്പും പീനസവും ശമിപ്പിക്കും. തുളസിനീരിൽ മഞ്ഞൾ അരച്ചു ചേർത്ത് കഴിക്കുകയും പുരട്ടുകയും ചെയ്താൽ ചിലന്തി വിഷബാധയ്ക്ക് ശമനമുണ്ടാകും

തൃക്കാർത്തിക ദീപങ്ങൾ സാക്ഷി

മൺചിരാതുകളിൽ അലിഞ്ഞില്ലാതാകുന്ന തിരിനാളങ്ങളുടെ ശോഭയാണ് തൃക്കാർത്തിക നാളിന്. ദീപങ്ങൾ തെളിഞ്ഞു നിൽക്കുന്ന വീടുകളാണ് തൃക്കാർത്തികയെക്കുറിച്ച് ഓർക്കുമ്പോൾ മനസിലേക്ക് എത്തുന്നത്. സന്തോഷത്തിന്റെയും അഭിവൃദ്ധിയുടെയും നേർക്കാഴ്ചകളാണ് കാർത്തിക നാളുകൾ.

വൃശ്ചിക മാസത്തിലെ പൂർണ്ണിമയും കാർത്തിക നക്ഷത്രവും ഒന്നിച്ചു വരുന്ന ദിവസമാണ് കേരളത്തിൽ തൃക്കാർത്തികയായി ആഘോഷിക്കുന്നത്. തൃസന്ധ്യയിൽ വീടുകൾ ദീപങ്ങളാൽ അലങ്കരിച്ചാണ് തൃക്കാർത്തിക ദിവസം ആഘോഷിക്കുന്നത്. എന്നാൽ ദേവി പുരാണത്തിൽ പറയുന്നത് മഹിഷാസുര നിഗ്രഹം കഴിഞ്ഞു വന്ന ദേവിയെ സ്തുതിച്ചതാണ് തൃക്കാർത്തിക ആഘോഷമെന്നാണ്. തമിഴ്നാട്ടിൽ ഇത് അറിയപ്പെടുന്നത് ഭരണി ദീപം എന്നാണ്. പുരാണങ്ങളിൽ കാർത്തികയെക്കുറിച്ച് പല കഥകളും ഉണ്ട്. മധുരയിൽ നിന്ന് വന്നു കുടികൊണ്ട ദേവി ചൈതന്യം ആണ് എവിടെ ഉള്ളത് എന്ന് വിശ്വസിക്കപ്പെടുന്നു. കേരളത്തിൽ ലക്ഷ്മി ദേവിയുടെ പ്രീതിയ്ക്കായാണ് തൃക്കാർത്തിക ദേവി ക്ഷേത്രങ്ങളിൽ ഉത്സവമായി ആഘോഷിക്കുന്നത്.

കേരളത്തിലെ പഴയ 32 നമ്പൂതിരി ഗ്രാമങ്ങളില്‍ ഒന്നാണ് കുമാരനെല്ലൂർ. കുമാരനെല്ലൂർ ദേവിക്ഷേത്രത്തിലെ തൃക്കാർത്തിക ആഘോഷം പ്രസിദ്ധവുമാണ്. തൃക്കാര്‍ത്തിക ദിവസമാണ് കുമാരനല്ലൂര്‍ ഭഗവതിയുടെ പിറന്നാൾ‍. കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ പത്തു ദിവസത്തെ കാര്‍ത്തിക മഹോത്സവമാണ് പ്രധാന ഉത്സവം. ആറാട്ടോടെഉത്സവം സമാപിയ്ക്കും. പള്ളിവേട്ടനാളിലാണ് തൃക്കാര്‍ത്തിക. സുബ്രഹ്മണ്യക്ഷേത്രത്തിനായി നിര്‍മ്മിച്ച അമ്പലം പിന്നീട് ദേവീക്ഷേത്രമായി മാറുകയാണുണ്ടായത്.

ഒരിക്കൽ വൃശ്ചികത്തിലെ കാർത്തിക നാളിൽ തൃശൂരിലെ വടക്കുംനാഥ ക്ഷേത്രത്തിലെത്തിയ വില്വമംഗലം സ്വാമിയാർക്ക് തന്റെ ദിവ്യ ദൃഷ്ടികൊണ്ട് മനസിലായി ശ്രീകോവിലിൽ വടക്കും നാഥനില്ലെന്ന്... ഭഗവാനെതേടി ക്ഷേത്രപരിസരത്ത് അന്വേഷിച്ചപ്പോൾ തെക്ക് വശത്തെ മതിലിന് സമീപം ഭഗവാന്റെ സാമിപ്യം തിരിച്ചറിഞ്ഞു. കാര്യം തിരക്കിയ സ്വാമിയാരോട് ആറാട്ട് കഴിഞ്ഞെത്തുന്ന കുമാരനെല്ലൂർ ദേവിയെ ദർശിക്കാൻ എത്തിയതാണെന്ന് പറഞ്ഞു. ഇന്നും വൃശ്ചികത്തിലെ കാർത്തിക നാളിൽ വടക്കും നാഥക്ഷേത്രത്തിലെ മധ്യപൂജ തെക്ക് വശത്താണ്.

ശംഖുമുണ്ടിടത്തു വലമേയൊരു ചക്രമുണ്ടു കാലില്‍ ചിലമ്പു ചില മുത്തുപടം കഴുത്തില്‍ ഓടീട്ടു വന്നു കുടി കൊണ്ട കുമാരനല്ലൂര്‍- കാര്‍ത്ത്യായനീ ! ശരണമെന്നിത കൈതൊഴുന്നേന്‍.

ആചാരങ്ങള്‍/അനുഷ്ഠാനങ്ങള്‍

ഉത്സവത്തിന് പിടിയാനയെ എഴുന്നള്ളിക്കുന്ന അപൂർവ്വ ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്.

അഞ്ജന ശിലയിൽ തീർത്ത വിഗ്രഹം

കിഴക്കോട്ട് ദര്‍ശനം

തന്ത്രം കടിയക്കോല്‍

അഞ്ചു പൂജ മൂന്നു ശിവേലി

ചെമ്പരത്തി, ചുവന്ന പട്ട്, കൊമ്പനാന, എന്നിവർ നാലമ്പലത്തില്‍ കടക്കരുത്.

മഞ്ഞളഭിഷേകം പ്രധാന വഴിപാട്

വൃശ്ചികത്തിലെ കാര്‍ത്തിക പള്ളിവേട്ടയായി പത്തു ദിവസം ഉത്സവം.

മീനത്തിലെ പൂരത്തിന് ഒരു ദിവസത്തെ ആഘോഷം

സ്വര്‍ണക്കൊടിമരം

പ്രതിഷ്ഠ സമയത്ത് "കുമാരന്‌ അല്ല ഈ ഊര്" എന്ന് അരുളപ്പാട് ഉണ്ടായി. ആ പേര് പിന്നീട് കുമാരനല്ലൂർ ആയി.
കടപ്പാട് : മനോരമ ഓൺലൈൻ

സ്വയം സഹായിക്കാന്‍ ശ്രമിക്കാത്തവനെ ഈശ്വരനും സഹായിക്കില്ല

സ്വയം സഹായിക്കാന്‍ ശ്രമിക്കാത്തവനെ ഈശ്വരനും സഹായിക്കില്ല

എന്തുവന്നാലും ഈശ്വരനെ വിളിച്ചു കേഴുന്നത് ശരിയോ?

തന്നെ സമ്പൂര്‍ണ്ണം ഈശ്വരനു സമര്‍പ്പിച്ചു എന്നു കരുതിയിരുന്ന ഒരു സംഗീതാദ്ധ്യാപകനുണ്ടായിരുന്നു. ഒരിക്കല്‍ കിണറ്റു കരയില്‍ അദ്ദേഹം കുളിക്കുന്ന സമയം. സോപ്പ് മുഖത്ത് തേയ്ക്കുന്നതിനിടയില്‍ എങ്ങനെയോ കൈ തട്ടി ബക്കറ്റ് കയറോടു കൂടി കിണറ്റില്‍ വീണു.
സംഗീതാദ്ധ്യാപകന്‍ വിഷമത്തിലായി. കണ്ണു തുറക്കാന്‍ വയ്യ. "ഈശ്വരാ എന്നെ രക്ഷിക്കൂ" എന്ന പ്രാര്‍ത്ഥനയോടെ അദ്ദേഹം കിണറിനു സമീപത്തുള്ള അലക്കുകല്ലിലിരുന്ന് സംഗീതാലാപനം തുടങ്ങി.
കുളിക്കാന്‍ പോയ ഭര്‍ത്താവിനെ കാണാതെ തിരക്കിവന്ന ഭാര്യ കേട്ടത് കിണറ്റിന്‍ കരയിലെ സംഗീത കച്ചേരിയും തന്നെ സഹായിക്കാനെത്താന്‍ വൈകുന്ന ദൈവത്തോടുള്ള പരിവേദനവും. അവര്‍ ഉടന്‍ അളുക്കളയില്‍ പോയി ഒരു കുടം വെള്ളവുമായി വന്ന് അദ്ദേഹത്തിന്റെ തലയിലൂടെ കമഴ്ത്തി . ഭര്‍ത്താവ് ഞെട്ടിപ്പോയി. ഭാര്യ ചോദിച്ചു, "ഇതിനു വേണ്ടിയാണോ നിങ്ങള്‍ ഇത്രനേരം കാറി പാടിയത്? ബക്കറ്റ് കിണറ്റില്‍ വീണപ്പോള്‍ വിളിച്ചിരുന്നെങ്കില്‍ ഞാന്‍ വെള്ളം കൊണ്ടു വരുമായിരുന്നില്ലേ. അതിനുള്ള ബുദ്ധി പോലും ഈശ്വരന്‍ തന്നിട്ടില്ലേ. അലസന്റെ പ്രാര്‍ത്ഥനയും കരച്ചിലും ദൈവം കേള്‍ക്കില്ല."

സ്വയം സഹായിക്കാന്‍ ശ്രമിക്കാത്തവനെ ഈശ്വരനും സഹായിക്കില്ല. അതുകൊണ്ട് ഈശ്വരന്‍ കനിഞ്ഞേകിയ കഴിവുകള്‍ ശരിക്കും വിനിയോഗിക്കുക. എന്നിട്ടും കുറവുകള്‍ ഉണ്ടായാല്‍ അത് ഈശ്വരന്‍ പരിഹരിക്കും. സദാ സര്‍വ്വത്ര ഈശ്വരചിന്ത ഉണ്ടാകുന്നത് ഉത്തമം തന്നെ. പക്ഷേ അവനവന്‍ ചെയ്യേണ്ടത് ചെയ്യാതെ ഈശ്വരനെ വിളിക്കുന്നത് ഒരു തരം ഒളിച്ചോട്ടമാണ്. ശരിയായ ഈശ്വരഭക്തന്‍ അദ്ധ്വാനിയുമായിരിക്കും.

എരുമേലിയിലെ അയ്യപ്പക്ഷേത്രവും വാവർ പള്ളിയും

വാവർ പള്ളി

ഹൈന്ദവവിശ്വാസമനുസരിച്ച് ശബരിമലയിലെ മൂർത്തിയായ അയ്യപ്പന്റെ അംഗരക്ഷകനും ഉറ്റമിത്രവുമായിരുന്ന ഒരു മുസ്ലിം യോദ്ധാവായിരുന്നു വാവർ. വാവർ സ്വാമി എന്നും അറിയപ്പെടുന്നു. വാവരെക്കുറിച്ചും അയ്യപ്പനെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നത് വാമൊഴിയായി പ്രചരിച്ച ശാസ്താംപാട്ടുകളിൽ നിന്നും ശ്രീഭൂതനാഥോപാഖ്യാനം എന്ന സംസ്കൃതഗ്രന്ഥത്തിൽ നിന്നുമാണ്. ശാസ്താം‌പാട്ടുകളിൽ അയ്യപ്പന്റെ ഉറ്റ മിത്രമായാണ് വാവർ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ശ്രീഭൂതനഥോപാഖ്യാനത്തിൽ വാപരൻ എന്ന പേരിൽ അയ്യപ്പന്റെ അംഗരക്ഷകനായി വാവർ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. ഇവർ രണ്ടും രണ്ടുപേരാണെന്നും വാദമുണ്ട്. കേരളത്തിന്റെ മതസൗഹാർദ്ദ ഭൂപടത്തിൽ വലിയ സ്ഥാനമാണു വാവർക്കും അയ്യപ്പനുമുള്ളത്.

വാവാർ ഒരു കടൽക്കൊള്ളക്കാരനായിരുന്നതായി ചില പാട്ടുകളിൽ പരാമർശിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹം അതി ദയാലുവും നല്ല മനസിനുടമയുമായിരുന്നു എന്നും പറയപ്പെടുന്നു. പന്തളം രാജാവിന് അവകാശമുണ്ടായിരുന്ന ആലപ്പുഴ ജില്ലയിലെ ചില തീര പ്രദേശങ്ങളിൽ കടൽ വഴി കച്ചവടം നടത്തുന്നതിന് രാജാവിന് കപ്പം കൊടുക്കണമായിരുന്നു. എന്നാൽ അറബി നാടുകളിൽ നിന്നും വന്ന ചിലർ കപ്പം നൽകാൻ വിസമ്മതിച്ചു. വാവർ ആയിരുന്നു അതിൽ പ്രമുഖൻ. പന്തളം രാജാവിന്റെ അനുമതിയോടെ വാവരെ എതിരിടാൻ ചെന്ന അയ്യപ്പൻ വാവരെ പരാജയപ്പെടുത്തി. അയ്യപ്പന്റെ ദൈവികത്വം തിരിച്ചറിഞ്ഞ വാവർ സന്തതസഹചാരിയായി അയ്യപ്പനൊപ്പം കൂടുകയായിരുന്നു എന്ന് ചില അയ്യപ്പൻ പാട്ടുകളിൽ കാണുന്നു. അയ്യപ്പനോട് യുദ്ധം ചെയ്ത് സന്ധിവഴങ്ങിയ ശേഷം വിശ്വസ്ത സുഹൃത്തായി മാറിയ വാവരെയാണ് ശാസ്താം പാട്ടുകളിൽ കാണാൻ കഴിയുന്നത്. അയ്യപ്പൻ കുതിരപ്പുറത്തേറിയും വാവർ ആനപ്പുറത്തേറിയുമാണ് യുദ്ധം ചെയ്തതെന്ന് പാട്ടുകളിൽ പറയുന്നുണ്ട്. ഇവർ തുല്യ ശക്തികളായിരുന്നുവെന്നും വിജയ പരാജയങ്ങൾ നിർണയിക്കാനാവാതെ വന്നപ്പോൾ സന്ധിചെയ്യുകയായിരുന്നുവെന്നും ചില പരാമർശങ്ങൾ കാണാം. കപ്പലോട്ടക്കാരനായ വാവർ കപ്പം തരാത്തതിൽ പ്രകോപിതനായ അയ്യപ്പൻ വാവരുടെ കപ്പലിന്റെ പായ്മരങ്ങൾ ഒടിച്ചു കളഞ്ഞുവെന്നും ഭയപ്പെട്ട വാവർ തന്റെ കൈവളയൂരി കപ്പം നൽകിയെന്നും ചില ശാസ്താം പാട്ടുകളിൽ കാണുന്നു. അയ്യപ്പൻ വിളക്കിന് വാവരങ്കം എന്ന ശാസ്താം പാട്ട് പാടി അവതരിപ്പിക്കാറുണ്ട്. ഇത് അയ്യപ്പനും വാവരും തമ്മിലുള്ള യുദ്ധത്തിന്റെ നാടകാവിഷ്ക്കാരമാണ്. ഇതിൽ വാവരുടെ വേഷം ലുങ്കി, പച്ചത്തൊപ്പി, ബെൽറ്റ് എന്നിവയാണ്

വാവർ ശ്രീഭൂതനാഥോപാഖ്യാനത്തില്‍ .

അയ്യപ്പനെക്കുറിച്ച് പരാമർശമുള്ള കിളിപ്പാട്ടു രീതിയിൽ രചിക്കപ്പെട്ട ഒരു പുരാതന കാവ്യമാണ് ശ്രീഭൂതനാഥോപാഖ്യാനം. കല്ലറയ്ക്കൽ കൃഷ്ണൻ കർത്താവാണ് ഈ ഗ്രന്ഥം രചിച്ചത്. എന്നാൽ ഇത് അയ്യപ്പകഥയുടെ മൂലകൃതിയല്ലെന്നും അത് സംസ്കൃതത്തിലാണെന്നും ഒരു വാദമുണ്ട്. ഇതിൽ വാപരൻ എന്ന പേരിൽ അയ്യപ്പന്റെ അംഗരക്ഷകനായാണ് വാവർ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. മഹിഷീനിഗ്രഹം കഴിഞ്ഞ് പന്തളത്തേക്കു തിരിച്ചു പോവുകയായിരുന്ന അയ്യപ്പൻ തന്റെ സംഘാംഗമായ വാപരനെ വിളിച്ച് ആ വഴി കടന്നു പോകുന്നവർക്ക് ദുഷ്ടമൃഗങ്ങളുടെ ശല്യമുണ്ടാകാതെ നോക്കാൻ നിർദ്ദേശിച്ചു. തന്റെ അവതാരോദ്ദേശ്യം നിറവേറ്റിയ അയ്യപ്പന് ക്ഷേത്രം നിർമ്മിച്ചുനൽകിയ പന്തളത്തു രാജാവ് വാപരന് എരുമേലിയിൽ ഒരു ക്ഷേത്രം നിർമ്മിച്ചുകൊടുത്തതായി ശ്രീ ഭൂതനാഥോപാഖ്യാനത്തിൽ പരാമർശമുണ്ട്. കൂടാതെ ശബരിമലയിൽ അയ്യപ്പക്ഷേത്രത്തിനു സമീപവും ഒരു വാവർ ക്ഷേത്രം പണി കഴിപ്പിച്ചു.

ചരിത്രത്തിലെ വാവർ.

വാവരെക്കുറിച്ച് എഴുതപ്പെട്ട ചില ചരിത്ര രേഖകൾ ലഭ്യമാണ്. കൈവാക്കി വിദുറ്റിയ എന്ന അറബി ഗ്രന്ഥം വാവർ പൂജയുടെ വിശുദ്ധഗ്രന്ഥമാണ്. എന്നാൽ ഈ പുസ്തകത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൽ ലഭ്യമല്ല.ബാവരു മാഹത്മ്യം എന്ന ഗ്രന്ഥത്തിൽ മക്കം പുരയിൽ ഇസ്മയിൽ ഗോത്രത്തിൽ പാത്തുമ്മായുടെ മകനാണ് വാവർ എന്നു പറയുന്നുണ്ട്. വാവർ തകൃതിത്താൻ തോട്ടത്തിലാണ് ജനിച്ചതെന്നും അദ്ദേഹത്തിനു ബാദുദ്ദീൻ, സിന്താർസോ, മദ്ദാർസോ, ബോബർ, ഹാലിയാർ എന്നിങ്ങനെ മറ്റു പേരുകൾ ഉണ്ടായിരുന്നതായും പറയുന്നു.തകൃതിത്താൻ എന്നത് തുർക്കിസ്താന്റെ തത് സമമാണെന്നും വാവർ എന്നത് മുഗൾ ചക്രവർത്തിയായിരുന്ന ബാബർ ആണെന്നും ചിലർ സംശയിക്കുന്നുണ്ട്. പക്ഷേ കാല ഗണന പരിശോധിക്കുമ്പോൾ ഇതു തെറ്റാണെന്നു കരുതേണ്ടി വരുമെന്നു ചിലർ പറയുന്നു. കാരണം,മുഗൾ ചക്രവർത്തിയായിരുന്ന ബാബർ 1483-1530 കാലഘട്ടത്തിലാണ് ജീവിച്ചിരുന്നത്. എന്നാൽ അയ്യപ്പ കഥകൾക്കു ഇതിലും അല്പം കൂടി പഴക്കം അവകാശപ്പെടാനുണ്ട്. വാവർ അയ്യപ്പനുമായി ചങ്ങാത്തത്തിലായതിന്റെ ഉദ്ദേശ്യം കച്ചവടലാഭമായിരുന്നു എന്നും ഒരു വാദമുണ്ട്. കേരളത്തിൽ സുലഭമായിരുന്ന കുരുമുളക് വാവർ അറബി നാടുകളിലേക്കു കയറ്റി അയച്ചിരുന്നു. വാവർ പള്ളിയിലെ വഴിപാട് കുരുമുളകാണെന്നതാണ് ഈ വാദത്തിനടിസ്ഥാനം.വാവർ അറബി നാട്ടിൽ നിന്നും നേരിട്ടെത്തിയതല്ലെന്ന് ഒരു വാദമുണ്ട്. പന്തളം രാജവംശത്തെപ്പോലെ വാവർ കുടുംബവും തമിഴ്നാട്ടിൽ നിന്നാണ് കേരളത്തിലെത്തിയത്. പുന്നക്കോട്, ചില്ലനായ്ക്കപ്പെട്ടി, എന്നീ ഗ്രാമങ്ങളുടെ കിഴക്കുള്ള അവിരാംകോവിലിൽ നിന്നാണ് വാവരുടെ പിൻ തലമുറക്കാർ കേരളത്തിലെത്തിയത്.കലിവർഷം 4441 ൽ കാഞ്ഞിരപ്പള്ളിയിലെ പിച്ചകപ്പള്ളിമേട്ടിലെ പള്ളിവീട്ടിൽ ഇവർ താമസം തുടങ്ങി. കൊല്ലവർഷം 915 നു ശേഷം (എ ഡി 1740) ഇവർ മല്ലപ്പള്ളിയിലെ വായ്പൂരേക്കു താമസം മാറ്റി. കൊല്ലവർഷം 968 ൽ ശിങ്കാരമഹമ്മദുവിന്റെ പേർക്ക് പന്തളം പുലിക്കാട്ട് കണ്ഠൻ കേരളൻ നൽകിയ പട്ടത്തിൽ ചില അവകാശങ്ങൾ വാവാർ കുടുംബത്തിനു പതിച്ചു നൽകിയിട്ടുണ്ട്.വാവർ ആയുർവേദ ഭിഷഗ്വരനായിരുന്നുവെന്ന് ഇതിൽ പരാമർശമുണ്ട്. വാവരുടെ ഇന്നത്തെ തലമുറ പരമ്പരാഗതമായി ലഭിച്ച അറബി യുനാനി ചികിൽസാരംഗത്ത് പ്രവർത്തിക്കുന്നുണ്ടെന്നത് ഇതിനൊരു ദൃഷ്ടാന്തമാണ്. ..

വാവർ പള്ളികള്‍

നൈനാർ ജുമാ മസ്ജിദ്.
എരുമേലിയിലെ വാവർ പള്ളി പന്തളത്തുരാജാവ് പണികഴിപ്പിച്ചുകൊടുത്തതാണെന്നാണ് പരമ്പരാഗതമായി വിശ്വസിച്ചു പോരുന്നത്. മുസ്ലിങ്ങളും ഹിന്ദുക്കളും ഒരുപോലെ ആരാധന നടത്തുന്ന ലോകത്തിലെ ഒരേയൊരാരാധനാലയം ഒരു പക്ഷേ ഇതു മാത്രമായിരിക്കാം.കുരുമുളകാണ് ഇവിടുത്തെ പ്രധാന വഴിപാട്.
വാവർ നട, ശബരിമല.
വായ്പൂരെ വാവർ കുടുംബത്തിന്റെ കീഴിലാണ് ശബരിമലയിലെ വാവർനട പ്രവർത്തിക്കുന്നത്. വാവർ കുടുംബത്തിലെ അംഗങ്ങൾ ഇവിടെ പരികർമികളായി എത്തുന്നു.

ૐ 卐 ૐ 卐 ૐ 卐 ૐ 卐 ૐ 卐 ૐ 卐 ૐ 卐 ૐ 卐ૐ 卐 ૐ 卐

Like ✔ Comment ✔ Tag ✔Share✔
ഹൈന്ദവ പുരാണങ്ങള്‍ ലോകമലയാളിയുടെ മുന്നിലേക്ക്‌...