Wednesday, December 31, 2014

പതിനെട്ടാംപടിയുടെ വാതിലിന് 600 കിലോ പിത്തള...

!!! സ്വാമിയേ ശരണമയ്യപ്പാ !!!

പതിനെട്ടാംപടിയുടെ വാതിലിന് 600 കിലോ പിത്തള...

ശബരിമല: പതിനെട്ടാംപടിക്ക് സ്ഥാപിക്കുന്ന പുതിയ വാതിലിന് ഉപയോഗിക്കുന്നത് 600 കിലോയോളം പിത്തള. മുംബൈയില്‍നിന്ന് ശബരിമലയ്ക്കായി പ്രത്യേകം വരുത്തിയ പിത്തളയാണ് ഉപയോഗിച്ചത്. ശബരിമലയില്‍ വെല്‍ഡിങ് പണികള്‍ നടത്തുന്ന പന്തളം നെടിയകാല തെക്കേതില്‍ സുബ്രഹ്മണ്യമാണ് പുതിയ വാതിലിന്റെ പണി പൂര്‍ത്തീകരിച്ചത്. 15 കൊല്ലമായി ബോര്‍ഡിന്റെ പണികള്‍ക്ക് സന്നിധാനത്ത് എത്താറുള്ള സുബ്രഹ്മണ്യന്‍, രണ്ടാഴ്ചകൊണ്ടാണ് ഇത് പൂര്‍ത്തിയാക്കിയത്.

ബംഗ്ലൂരു എസ്.എം. എന്റര്‍പ്രൈസസാണ് സ്‌പോണ്‍സര്‍. നാലേമുക്കാല്‍ ലക്ഷത്തോളം രൂപ െചലവുവരും. സ്റ്റീല്‍പൈപ്പ് ഉപയോഗിച്ച് ബലപ്പെടുത്തിയ ശേഷമാണ് പിത്തളയിലുള്ള ഗ്രില്‍ രൂപത്തിലുള്ള ഗേറ്റ് പണിതത്. മകരവിളക്ക് കഴിഞ്ഞ് നടയടച്ചാല്‍ പൂര്‍ത്തീകരിക്കുമെന്ന് സുബ്രഹ്മണ്യം പറഞ്ഞു.

Tuesday, December 30, 2014

18 വർഷം മലചവിട്ടിയ സ്വാമി ഗുരുസ്വാമിയാണ്. എന്തുകൊണ്ടാണ് 18 വർഷം മലചവിട്ടിയ ഗുരുസ്വാമി അവിടെ തെങ്ങും തൈ നടുന്നത്..?


ഇത് കേവലം  ഒരു ആചാരം മാത്രമല്ല. എന്തൊക്കെയാണ് ഇതുകൊണ്ടർത്ഥമാക്കുന്നത് എന്ന് നോക്കാം..
തെങ്ങ്   എന്നത് ഒരു കൽപവൃക്ഷമാണ്.അതിൻറെ എല്ലാഭാഗങ്ങളും നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ മറ്റ് വൃക്ഷങ്ങൾക്കില്ലാത്ത ത്രയും പ്രത്യേകത തെങ്ങിനുണ്ട്. ഇതുപോലെ 18 വർഷം മലചവിട്ടിയ ഗുരുസ്വാമി സമൂഹത്തിന് ഒരു കൽപവൃക്ഷമായി മാറേണ്ടതാണ്. മലയിടുമ്പോൾ മാത്രമല്ല അല്ലാത്തപ്പോഴും ഈ ആചാര അനുഷ്ഠാനങ്ങൾ ജീവിതത്തിൽ പകർത്തിയിട്ടുണ്ടാകണം. സമൂഹത്തിന് ഒരു വഴികാട്ടിയായിരിക്കണം 18 വർഷം മല ചവിട്ടിയ അയ്യപ്പൻ . ലഹരിപദാർത്ഥങ്ങൾ ഉപേക്ഷിച്ച് മാതാപിതാ ഗുരുജനങ്ങളെ ബഹുമാനിച്ച് പ്രഭാതത്തിൽ ചെയ്യേണ്ടുന്ന കാര്യങ്ങൾ ചെയ്ത് അമ്പല ദർശനം നടത്തി സത്വ ഗുണം ഉണ്ടാക്കുന്ന കർമ്മങ്ങൾ മാത്രം അനുഷ്ടിച്ച് ലക്ഷ്യങ്ങളെ നേടിയെടുത്ത് ദാനധർമ്മാദികൾ നടത്തി ഈശ്വരന് വിധേയനായി ജീവിക്കേണ്ടതാണ്. ഓരോ വർഷം മലചവിട്ടുമ്പോഴും ഓരോ നല്ലകാര്യങ്ങൾ ജീവിതത്തിൽ പകർത്തുക. ഇങ്ങനെ ക്ഷമയും സഹനശക്തിയും സ്നേഹവും ബഹുമാനവും സമൂഹത്തിന് നൽകുകയും അതുവഴി സാമൂഹ്യസേവകനാകുകയും വേണം ഓരോ അയ്യപ്പനും.

മമ്മിയൂര്‍ ക്ഷേത്രം മഹാരുദ്രയജ്ഞത്തിനൊരുങ്ങി...

മമ്മിയൂര്‍ ക്ഷേത്രം മഹാരുദ്രയജ്ഞത്തിനൊരുങ്ങി...

ഗുരുവായൂര്‍: മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തിലെ അഞ്ചാമത് മഹാരുദ്രയജ്ഞം ജനവരി 1 മുതല്‍ 11 വരെ നടക്കുമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.കെ. ഓമനക്കുട്ടന്‍, ട്രസ്റ്റി പി.കെ.കെ. രാജ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ക്ഷേത്രത്തില്‍ പ്രത്യേകം തയ്യാറാക്കുന്ന യജ്ഞശാലയില്‍ 11 വെള്ളികലശക്കുടങ്ങളില്‍ 11 ദ്രവ്യങ്ങള്‍ നിറയ്ക്കും. 11 വേദജ്ഞര്‍ 11 ദിവസം ശ്രീരുദ്രമന്ത്രം ആവര്‍ത്തിക്കുമ്പോള്‍ മഹാരുദ്രയജ്ഞമാകും. വസോര്‍ധാരയോടെയാണ് സമാപനം.
ഒന്നിന് രാവിലെ അഞ്ചിന് ചടങ്ങുകള്‍ തുടങ്ങും. നടരാജ മണ്ഡപത്തില്‍ രാവിലെ 9ന് തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് ദീപം തെളിയിക്കും. ഗുരുവായൂര്‍ ശശിമാരാരുടെ കേളി, വൈകീട്ട് 5.45ന് തിരുകിളാര്‍ ഭാരതീദാസന്റെ വിശേഷാല്‍ നാദസ്വരകച്ചേരി, 6.30ന് സി.കെ. ജയചന്ദ്രന്‍ നയിക്കുന്ന ഭക്തിഗാനമേള എന്നിവയുണ്ടാകും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ വൈകീട്ട് തിരൂര്‍ സ്വാതി തിരുനാള്‍ കലാകേന്ദ്രത്തിന്റെ നൃത്തസന്ധ്യ, വീനിത് എം. ചാക്യാരുടെ ചാക്യാര്‍കൂത്ത്, സജീഷ് കുട്ടനെല്ലൂരിന്റെ കാരിക്കേച്ചര്‍, മണലൂര്‍ ഗോപിനാഥിന്റെ ശീതങ്കന്‍ തുള്ളല്‍, ജ്യോതിദാസ് ഗുരുവായൂരിന്റെ അഷ്ടപദി കച്ചേരി, തൃപ്പുണിത്തുറ ജെ. റാവുവിന്റെ പുരാണ കഥാപ്രസംഗം, പല്ലാവൂര്‍ കൃഷ്ണന്‍കുട്ടിയുടെ കുറുംകുഴല്‍ കച്ചേരി, അന്നമനട സുരേഷിന്റെ വാദ്യസമന്വയം, ഗുരുവായൂര്‍ ദര്‍ശന കലാക്ഷേത്രത്തിന്റെ നൃത്താഞ്ജലി , തൃപ്പുണിത്തുറ ജയഭാരത് കലാക്ഷേത്രത്തിന്റെ ബാലെ എന്നിവ അരങ്ങേറും.
എല്ലാ ദിവസവും രാവിലെ നാഗപ്പാട്ടും ഭക്തിപ്രഭാഷണവും ഉച്ചയ്ക്ക് അന്നദാനവും ഉണ്ടാകും.
ജ്യോതിശങ്കര്‍, പി.സി. രഘുനാഥ രാജ, ശിവശങ്കരന്‍, രാജേഷ് ബാബു എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ഇടത്തരികത്തുകാവ് താലപ്പൊലി...

ഇടത്തരികത്തുകാവ് താലപ്പൊലി...

ഗുരുവായൂര്‍: ഇടത്തരികത്തുകാവില്‍ താലപ്പൊലിയുടെ ഭാഗമായി ജനവരി അഞ്ചിന് അഷ്ടപദിയും കഥകളിപ്പദ കച്ചേരിയും നടക്കും.
മേല്പത്തൂര്‍ ഓഡിറ്റോഡിയത്തില്‍ രാവിലെ ഏഴിന് സോപാനസംഗീതാചാര്യന്‍ ജനാര്‍ദ്ദനന്‍ നെടുങ്ങാടിയും വി. വിനോദും ചേര്‍ന്നാണ് അഷ്ടപദി അവതരിപ്പിക്കുക. ശശി മാരാര്‍ ഇടയ്ക്ക വായിക്കും. രാവിലെ പത്തരയ്ക്ക് കലാമണ്ഡലം സുകുമാരന്‍, കലാമണ്ഡലം സുധീഷ് എന്നിവര്‍ കഥകളിപ്പദ കച്ചേരി നടത്തും. രാത്രി ഏഴിന് നടി ആശാ ശരത്ത് നൃത്തം അവതരിപ്പിക്കും.

മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. ജനുവരി പതിനാലിനാണ് മകരവിളക്ക്.

മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. ജനുവരി പതിനാലിനാണ് മകരവിളക്ക്.

ഇന്ന് (30-12-2014) വൈകിട്ട് 5.30 തന്ത്രി കണ്ഠരര് രാജിവരുടെ സാന്നിധ്യത്തില്‍ നടതുറക്കും. അന്ന് പ്രത്യേക പൂജകള്‍ ഒന്നും തന്നെ ഉണ്ടാകില്ല. ബുധനാഴ്ച രാവിലെ നടക്കുന്ന ഗണപതിഹോമത്തോടെ പൂജകള്‍ തുടങ്ങും.  ഇന്ന്  ഉച്ചക്ക് രണ്ട് മണിമുതല്‍ തീര്‍ത്ഥാടകരെ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് കടത്തിവിടും. നട അടഞ്ഞകിടക്കുന്ന ദിവസങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
പമ്പയിലും സന്നിധാനത്തും പൊലീസുകരുടെ ഏണ്ണവും വര്‍ദ്ധിപ്പിച്ചിടുണ്ട്.

Monday, December 29, 2014

പമ്പയും സന്നിധാനവും ശുചീകരിച്ച് വിശ്വഹിന്ദു പരിഷത്ത്‌... ക്ലൂന്‍ ശബരിമലയ്ക്ക് 800 പേര്

!!! സ്വാമിയേ ശരണമയ്യപ്പാ !!!

പമ്പയും സന്നിധാനവും ശുചീകരിച്ച് വിശ്വഹിന്ദു പരിഷത്ത്‌...

ക്ലൂന്‍ ശബരിമലയ്ക്ക് 800 പേര്‍

ശബരിമല: വിശ്വഹിന്ദു പരിഷത്തിന്റെ സുവര്‍ണജയന്തി വര്‍ഷത്തില്‍ സേവനപ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ ഞായറാഴ്ച പമ്പയും സന്നിധാനവും ശുചീകരിച്ചു. പരിഷത്തിന്റെയും യുവജനവിഭാഗമായ ബജരംഗദളിന്റെയും വനിതകളടക്കമുള്ള എണ്ണൂറിലേറെ പ്രവര്‍ത്തകരാണ് ശുചീകരണത്തിനെത്തിയത്.

പമ്പയില്‍ ശുചീകരണം വി.എച്ച്.പി. സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനും സന്നിധാനത്ത് സംസ്ഥാന സംഘടനാ സെക്രട്ടറി എം.സി.വത്സനും ഉദ്ഘാടനംചെയ്തു. ഭരണസംവിധാനത്തെ മാത്രം ആശ്രയിക്കാതെ ശബരിമലയുടെ പവിത്രതയെ കാത്തുസൂക്ഷിക്കാന്‍ എല്ലാവരും യത്‌നിക്കണമെന്ന് കുമ്മനം പറഞ്ഞു. 423 കോടിയുടെ പമ്പ ആക്ഷന്‍ പ്ലൂന്‍ നടപ്പാക്കണമെന്ന് കുമ്മനം ആവശ്യപ്പെട്ടു.
ബോധവത്കരണത്തിനുകൂടി ഊന്നല്‍ നല്‍കിയാകും വരുംവര്‍ഷങ്ങളിലെ പ്രവര്‍ത്തനമെന്ന് സന്നിധാനത്തു നടന്ന ചടങ്ങില്‍ എം.സി.വത്സന്‍ പറഞ്ഞു.

സംസ്ഥാന സെക്രട്ടറി ഐ.ബി.ശശിധരന്‍, ബജരംഗദള്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ പി.ജി.കണ്ണന്‍, ധര്‍മപ്രചാര്‍ സംസ്ഥാന പ്രമുഖ് സുധി, സഹസേവാപ്രമുഖ് വി.നാരായണനുണ്ണി, ശബരിമല അയ്യപ്പസേവാസമാജം ജോയിന്റ് ക്യാമ്പ് ഓഫീസര്‍ ശിവറാം തുടങ്ങിയവര്‍ സന്നിധാനത്തും വി.എച്ച്.പി. സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കെ.ടി.ഭാസ്‌കരന്‍, ജോ. സെക്രട്ടറി എം.ആര്‍.വിജയകുമാര്‍ തുടങ്ങിയവര്‍ പമ്പയിലും സംസാരിച്ചു.

തൃപ്രയാര്‍ ക്ഷേത്രത്തില്‍ ഇന്ന് ശ്രീചക്രപൂജ...

തൃപ്രയാര്‍ ക്ഷേത്രത്തില്‍ ഇന്ന് ശ്രീചക്രപൂജ...

തൃപ്രയാര്‍: തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തില്‍ തിങ്കളാഴ്ച ശ്രീചക്ര പൂജ നടക്കും. പുലര്‍ച്ചെ തുടങ്ങുന്ന ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി തരണനെല്ലൂര്‍ പടിഞ്ഞാറെ മനയ്ക്കല്‍ പത്മനാഭന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിക്കും. ത്രികാല പൂജയായാണ് ശ്രീചക്രപൂജ നടക്കുക.
ശ്രീചക്രപൂജയുടെ ഭാഗമായി രാവിലെ ഒമ്പതിന് സരളാ വാരസ്യാരുടെ നേതൃത്വത്തില്‍ അമ്മമാരുടെ തിരുവാതിര, വൈകീട്ട് നാലിന് ശ്രീരാമസഹസ്രനാമം മോഹിനിയാട്ട രൂപത്തില്‍ അവതരിപ്പിക്കല്‍, 5.30ന് വയലാ രാജേന്ദ്രന്റെ നേതൃത്വത്തില്‍ നവാവരണ കീര്‍ത്തനാലാപനം, കൊടകര രാധേയം നൃത്തവിദ്യാലയത്തിന്റെ നൃത്തം, ദീപാരാധനയ്ക്കു ശേഷം അമ്പലപ്പുഴ വിജയകുമാര്‍ അവതരിപ്പിക്കുന്ന സോപാനസംഗീതം എന്നിവയുണ്ടാകും.
ഞായറാഴ്ച രാവിലെ എല്‍. ഗിരീഷ്‌കുമാര്‍ ശ്രീചക്രപൂജാ വിവരണം നടത്തി. ക്ഷേത്രവികസന സമിതിയാണ് ശ്രീചക്രപൂജ നടത്തുന്നത്.

പതിനെട്ടാംപടിക്ക് പുതിയ വാതില്‍ സ്ഥാപിക്കുന്നു...

!!! സ്വാമിയേ ശരണമയ്യപ്പാ !!!

പതിനെട്ടാംപടിക്ക് പുതിയ വാതില്‍ സ്ഥാപിക്കുന്നു...

ശബരിമല: പതിനെട്ടാംപടി നവീകരിക്കുന്നതിന്റെ മുന്നോടിയായി പടിക്ക് പുതിയ വാതില്‍ സ്ഥാപിക്കുന്നു.
നിലവിലുള്ള വാതില്‍ തകര്‍ന്നതിനാലാണിത്. പടിയുടെ തുടക്കത്തില്‍ സ്ഥാപിക്കാനുള്ള പിത്തള വാതില്‍ ഞായറാഴ്ച സന്നിധാനത്തെത്തിച്ചു. മകരവിളക്ക് കഴിഞ്ഞ് നടയടച്ച ശേഷമേ പതിനെട്ടാംപടി നവീകരണജോലി നടക്കൂ. പടികളിലെ തകിട് ഇളകിയത് നന്നാക്കുന്നതാണ് പ്രധാന ജോലി.

മകരവിളക്കിന് നാളെ നടതുറക്കും; ശുചീകരണവും അറ്റകുറ്റപ്പണികളുമായി ശബരിമല...

!!! സ്വാമിയേ ശരണമയ്യപ്പാ !!!

മകരവിളക്കിന് നാളെ നടതുറക്കും; ശുചീകരണവും അറ്റകുറ്റപ്പണികളുമായി ശബരിമല...

ശബരിമല: മകരവിളക്ക് തീര്‍ത്ഥാടനത്തിന് നടതുറക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കെ, ശുചീകരണവും മരാമത്തുപണികളുമായി ശബരിമലയില്‍ ഒരുക്കങ്ങള്‍.

സന്നിധാനത്തും പമ്പയിലും സ്ഥിരം ശുചീകരണ ജീവനക്കാര്‍ക്കുപുറമെ, വിശ്വഹിന്ദുപരിഷത്തിന്റെയും ബജരംഗദളിന്റെയും പ്രവര്‍ത്തകരും മാലിന്യം നീക്കാനെത്തി. ബാരിക്കേഡുകള്‍ ബലപ്പെടുത്തുന്നതായിരുന്നു മരാമത്തുവകുപ്പിന്റെ പ്രധാന ജോലി. മണ്ഡലപൂജ കഴിഞ്ഞ് അടച്ച നട ചൊവ്വാഴ്ച വൈകീട്ടാണ് തുറക്കുക.

വിശുദ്ധിസേനാംഗങ്ങള്‍ക്കുപുറമെ, ഫയര്‍ഫോഴ്‌സിനായിരുന്നു ഞായറാഴ്ച കാര്യമായ ജോലി. പമ്പ, സന്നിധാനം ക്ഷേത്രസമുച്ചയങ്ങള്‍ കഴുകുന്ന ജോലിയായിരുന്നു ഫയര്‍ഫോഴ്‌സിന്.

മണ്ഡലവ്രതകാലത്ത് ചില ദിവസങ്ങളിലുണ്ടായ അരവണ വിതരണ പ്രതിസന്ധി ഇനിയുണ്ടാകില്ലെന്ന് ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ അറിയിച്ചു. അപ്പവും കരുതലുണ്ട്. ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകരെത്തുന്നത് രണ്ടാഴ്ചക്കാലത്തെ മകരവിളക്ക് ഉത്സവത്തിനാണ്. ജനവരി 14നാണ് മകരവിളക്ക്.

Sunday, December 28, 2014

ഗുരുവായൂരില്‍ തുലാഭാര സാധനങ്ങള്‍ക്ക് വിലകൂട്ടി...

ഗുരുവായൂരില്‍ തുലാഭാര സാധനങ്ങള്‍ക്ക് വിലകൂട്ടി...

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ തുലാഭാര വഴിപാടിനുള്ള സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വന്നു. തുലാഭാരത്തിന് ഭക്തര്‍ അധികം ഉപയോഗിക്കുന്ന വെണ്ണയ്ക്ക് കിലോഗ്രാമിന് 225 രൂപയില്‍നിന്ന് 300 രൂപയായി വര്‍ധിപ്പിച്ചു. ചെറുപഴം പത്തില്‍നിന്ന് 15 ആയി. കദളിപ്പഴം, നേന്ത്രപ്പഴം എന്നിവയ്ക്ക് 25 രൂപയായിരുന്നു കിലോഗ്രാമിന്. ഇത് 30 രൂപയാക്കി. ചേന ഒഴികെയുള്ള മിക്ക സാധനങ്ങള്‍ക്കും വില കൂട്ടിയിട്ടുണ്ട്.

വ്രതപുണ്യത്തിന്റെ മണ്ഡലകാലത്തിന് വിട; ഇനി കാത്തിരിപ്പ് മകരവിളക്കിന്‌...

!!! സ്വാമിയേ ശരണമയ്യപ്പാ !!!

വ്രതപുണ്യത്തിന്റെ മണ്ഡലകാലത്തിന് വിട; ഇനി കാത്തിരിപ്പ് മകരവിളക്കിന്‌...

ശബരിമല: നാവിലും മനസ്സിലും വ്രതശുദ്ധിയുടെ പുണ്യംനിറച്ച 41 നാളത്തെ മണ്ഡല തീര്‍ത്ഥാടനത്തിന് സമാപ്തി.

ശനിയാഴ്ച തങ്ക അങ്കി വിഭൂഷിതനായി ശാസ്താവിന്റെ മണ്ഡലപൂജ തൊഴുത് ശബരിമല തീര്‍ത്ഥാടനത്തിന് രണ്ടുനാളത്തെ ഇടവേള നല്‍കി ഭക്തര്‍ മലമുകള്‍ വിട്ടു. ഇനി മകരവിളക്കുത്സവത്തിനായി 30ന് വൈകീട്ട് തിരുനട തുറക്കും.

ശനിയാഴ്ച 12 മണിയോടെ തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ പൂജകള്‍ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. കിഴക്കേമണ്ഡപത്തില്‍ പ്രത്യേക പത്മമിട്ട് 25 കലശത്തില്‍ ബ്രഹ്മകലശമായി കളഭം നിറച്ച് ആവാഹിച്ച് പൂജിച്ചശേഷം പാണികൊട്ടി ഉച്ചപ്പൂജ തുടങ്ങി. മേല്‍ശാന്തി എഴിക്കോട് കൃഷ്ണദാസ് നന്പൂതിരി ബ്രഹ്മകലശം ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചു. തുടര്‍ന്ന് അയ്യപ്പനെ കളഭത്തില്‍ അഭിഷിക്തനാക്കി. പ്രസന്നപൂജയ്ക്ക് തങ്കയങ്കിചാര്‍ത്തി കര്‍പ്പൂരദീപപ്രഭയില്‍ പൂജാചടങ്ങുകള്‍ സമാപിച്ചു. കീഴ്ശാന്തി വി.കെ.ഗോവിന്ദന്‍നന്പൂതിരി തന്ത്രിക്കും മേല്‍ശാന്തിക്കുമൊപ്പം പരികര്‍മിയായി.

മണ്ഡലപൂജ തൊഴുത് ഭക്തര്‍ മടങ്ങിയതോടെ നട അടച്ചു. വീണ്ടും വൈകീട്ട് തുറന്ന് പൂജകള്‍ക്കുശേഷം രാത്രി ഹരിവരാസനം പാടി, മകരവിളക്കിനെ വരവേല്‍ക്കാനായി അടച്ചതോടെ ശബരിമല മണ്ഡല തീര്‍ത്ഥാടനം പൂര്‍ത്തിയായി.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ പി.വേണുഗോപാല്‍, ശബരിമല ചീഫ് കോ-ഓര്‍ഡിനേറ്റര്‍ കെ.ആര്‍.ജ്യോതിലാല്‍, സെക്രട്ടറി പി.ആര്‍.ബാലചന്ദ്രന്‍നായര്‍, ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ കെ.ബാബു, ദേവസ്വം ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് കെ.ഭാസ്‌കരന്‍, ചീഫ് എന്‍ജിനിയര്‍മാരായ ജോളി ഉല്ലാസ്, ജി.മുരളീകൃഷ്ണന്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്.ജയകുമാര്‍, വിജിലന്‍സ് എസ്.പി. ഗോപകുമാര്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്കും ഒരുക്കങ്ങള്‍ക്കും മേല്‍നോട്ടം വഹിച്ചു.

Saturday, December 27, 2014

തങ്കഅങ്കിയുടെ പ്രഭാപൂരത്തില്‍ അയ്യപ്പനെ തൊഴുത് ഭക്തര്‍... ഇന്ന് മണ്ഡലപൂജ

ॐ സ്വാമിയേ ശരണമയ്യപ്പാ ॐ

തങ്കഅങ്കിയുടെ പ്രഭാപൂരത്തില്‍ അയ്യപ്പനെ തൊഴുത് ഭക്തര്‍...

ഇന്ന് മണ്ഡലപൂജ

ശബരിമല: ഭക്തകണ്ഠങ്ങളില്‍നിന്ന് ശരണമന്ത്രങ്ങള്‍ ഉയരവെ ശബരിമലഅയ്യപ്പന് തങ്കഅങ്കി ചാര്‍ത്തി ദീപാരാധന.
വെള്ളിയാഴ്ച സന്ധ്യയ്ക്ക് തങ്കഅങ്കിയുടെ പ്രഭാപൂരത്തില്‍ കലിയുഗവരദനെ കണ്‍കുളിര്‍ക്കെ തൊഴുത് ഭക്തര്‍ മലയിറങ്ങി. ഇക്കൊല്ലത്തെ മണ്ഡലമഹോത്സവത്തിന് പരിസമാപ്തികുറിച്ച് ശനിയാഴ്ച ഉച്ചയ്ക്ക് 12.30ന് നടക്കുന്ന മണ്ഡലപൂജയ്ക്ക് സന്നിധാനത്ത് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.

ആറന്‍മുളയില്‍നിന്നെത്തിയ തങ്കഅങ്കിഘോഷയാത്രയെ ഉച്ചയ്ക്ക് 1.50ന് പമ്പയില്‍ ദേവസ്വംബോര്‍ഡ്അംഗം സുഭാഷ് വാസു, പമ്പ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി. ഹരീന്ദ്രകുമാര്‍, സ്‌പെഷല്‍ ഓഫീസര്‍ പ്രസന്നകുമാര്‍, അയ്യപ്പസേവാസംഘം സാരഥികള്‍ എന്നിവര്‍ വരവേറ്റ് ഗണപതികോവിലിലേക്ക് ആനയിച്ചു. മൂന്നുമണിവരെ ഭക്തര്‍ അങ്കിയെ വണങ്ങി.

പിന്നീട് സന്നിധാനത്തേക്ക് പുറപ്പെട്ട ഘോഷയാത്രയെ അഞ്ചരയോടെ ശരംകുത്തിയില്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ വി.എസ്. ജയകുമാര്‍, സന്നിധാനം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ടി.കെ. അജിത്കുമാര്‍, സോപാനം എസ്.ഒ. കെ. ഹരികുമാര്‍, പി.ആര്‍.ഒ. മുരളി കോട്ടയ്ക്കകം തുടങ്ങിയവര്‍ വരവേറ്റ് കൊടിമരച്ചുവട്ടിലേക്ക് ആനയിച്ചു.

ബോര്‍ഡ്പ്രസിഡന്റ് എം.പി. ഗോവിന്ദന്‍നായര്‍, ദേവസ്വംകമ്മീഷണര്‍ എന്‍. വേണുഗോപാല്‍, സ്‌പെഷല്‍കമ്മീഷണര്‍ കെ. ബാബു, ശബരിമല കോ - ഓര്‍ഡിനേറ്റര്‍ കെ.ആര്‍. ജ്യോതിലാല്‍, ദേവസ്വം സെക്രട്ടറി പി.ആര്‍ ബാലചന്ദ്രന്‍നായര്‍, എ.ഡി.ജി.പി. പദ്മകുമാര്‍, പോലീസ് സ്‌പെഷല്‍ ഓഫീസര്‍ എന്‍. രാമചന്ദ്രന്‍, അയ്യപ്പസേവാസംഘം ഭാരവാഹികള്‍ തുടുങ്ങിയവര്‍ സ്വീകരിച്ച് സോപാനത്തെത്തിച്ചു. ഇവിടെ തന്ത്രി കണ്ഠര് രാജീവര്, മേല്‍ശാന്തി ഏഴിക്കോട് കൃഷ്ണദാസ് നമ്പൂതിരി എന്നിവര്‍ തിരുവിതാംകൂര്‍ മഹാരാജാവ് ചിത്തിരതിരുനാള്‍, ബാലരാമവര്‍മ സമര്‍പ്പിച്ച തങ്കഅങ്കി ഏറ്റുവാങ്ങി ഭഗവാനുചാര്‍ത്തി ദീപാരാധന നടത്തി.

ശനിയാഴ്ച 12 മുതല്‍ മണ്ഡലപൂജയ്ക്ക് ഒരുക്കംതുടങ്ങും. 12.30ന് പൂജാചടങ്ങുകള്‍ പൂര്‍ത്തിയാകും. രാത്രി ഹരിവരാസനംപാടി നട അടയ്ക്കുന്നതോടെ മണ്ഡല ഉത്സവം പൂര്‍ത്തിയാകും. മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകീട്ട് നട തുറക്കും.

Friday, December 26, 2014

ആറന്മുള ശ്രീ പാര്‍ത്ഥസാരഥിക്ഷേത്രം

കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ് ആറന്മുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രം .
പഞ്ചപാണ്ഡവരില്‍ ഒരാളായ അര്‍ജുനനാല്‍ പ്രതിഷ്ഠിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്ന പാര്‍ഥസാരഥി വിഗ്രഹം അപൂര്‍വമാണ്.
ആറന്മുള വള്ള സദ്യ പ്രധാന വഴിപാടാണ്.
ആയിരങ്ങള്‍ പങ്കു കൊള്ളുന്ന വിഭവസമൃദ്ധമായ സദ്യ ഉണ്ണുമ്പോള്‍ ഭഗവാന്റെ അനുഗ്രഹമുണ്ടാകും എന്നാണ് വിശ്വാസം.
തിരുവോണത്തോണിയും, അഷ്ടമിരോഹിണി വള്ള സദ്യയും ഉത്രട്ടാതി വള്ളംകളിയും വഞ്ചിപ്പാട്ടിന്റെ താളവും പമ്പാ നദിയുടെ പുണ്യവും ആറന്മുള ക്ഷേത്രത്തെ പരിപാവനമാക്കുന്നു. ആറന്മുള കണ്ണാടി പ്രശസ്തമാണ്.
പാര്‍ത്ഥസാരഥിയായ കൃഷ്ണനാണ് ഇവിടത്തെ പ്രതിഷ്ഠ.

പത്തനംതിട്ട ജില്ലയിലെ ആറന്‍മുളയില്‍ വിശുദ്ധനദിയായ പമ്പയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
പാണ്ഡവരില്‍ ഒരാളായ അര്‍ജുനനാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് വിശ്വാസം. എല്ലാ വര്‍ഷവും ശബരിമലയില്‍ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആരംഭിക്കുന്നത് പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നാണ്. ഓണാഘോഷത്തോടനുബന്ധിച്ചുള്ള പ്രശസ്തമായ ആറന്‍മുള വള്ളംകളി നടക്കുന്നത് ഇവിടെയാണ്.
പതിനെട്ടാം നൂറ്റാണ്ടിലെ ചിത്രകാരന്‍മാര്‍ വരച്ച നിരവധി ചുമര്‍ചിത്രങ്ങളും ക്ഷേത്രത്തില്‍ കാണാം. കേരളീയ വാസ്തുവിദ്യയില്‍ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക് ഒരു നല്ല ഉദാഹരണമാണ് ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രം. ഇവിടത്തെ പാര്‍ത്ഥസാരഥി വിഗ്രഹത്തിന് ആറടി പൊക്കമുണ്ട്. കിഴക്കോട്ടാണ് ദര്‍ശനം. വിഗ്രഹം ചതുര്‍ബാഹുവായ വിഷ്ണുവിന്റേതാണ്. ക്ഷേത്രത്തിന്റെ ചുമരുകളെല്ലാം പതിനെട്ടാം നൂറ്റാണ്ടില്‍ വരച്ച മനോഹരമായ ചിത്രങ്ങളാല്‍ അലങ്കൃതമാണ്. ക്ഷേത്രത്തില്‍ പുറംചുമരിന്റെ നാല് വശങ്ങളിലായി നാല് ഗോപുരങ്ങളുണ്ട്. കിഴക്കന്‍ ഗോപുരത്തിലേക്ക് പതിനെട്ട് പടികളാണുള്ളത്. വടക്കന്‍ ഗോപുരത്തില്‍ നിന്ന് പമ്പ നദിയിലേക്കിറങ്ങാന്‍ 57 പടികളാണുള്ളത്. യുദ്ധക്കളത്തില്‍ നിരായുധനായ കര്‍ണ്ണനെ കൊന്നതിലുള്ള പാപഭാരം തീര്‍ക്കാനാണത്രെ അര്‍ജുനന്‍ ഈ ക്ഷേത്രം നിര്‍മ്മിച്ചത് എന്നാണ് ഐതിഹ്യം. എന്നാല്‍ മറ്റൊരു ഐതിഹ്യം ക്ഷേത്രം ആദ്യം പണിതത് ശബരിമലയ്ക്കടുത്ത നിലയ്ക്കലിലായിരുന്നു എന്നാണ്. അവിടെ നിന്ന് പിന്നീട് വിഗ്രഹം ആറ് മുളക്കഷ്ണങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു ചങ്ങാടത്തില്‍ ഇവിടേക്ക് കൊണ്ടുവരികയായിരുന്നു. അങ്ങനെയാണത്രെ ആറ് മുളക്കഷ്ണങ്ങള്‍ എന്ന അര്‍ത്ഥത്തില്‍ ഈ സ്ഥലത്തിന് ആറന്‍മുള എന്ന പേര് വന്നത്. ഗണപതി, അയ്യപ്പന്‍, ശിവന്‍, ഭഗവതി, നാഗങ്ങള്‍ എന്നിവരാണ് ഉപപ്രതിഷ്ഠകള്‍. ചെങ്ങന്നൂരും കോഴഞ്ചേരിക്കുമിടയിലാണ് ആറന്മുള. ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ഏകദേശം ആറന്മുളയിലേക്കു 10 കി.മീറ്ററും, പത്തനംതിട്ടയില്‍ നിന്നും ഏകദേശം 16 കി മീ ദൂരത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിനടുത്ത് പമ്പാനദിയിലാണ് വള്ളംകളി നടക്കുന്നത്. ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളംകളി പാര്‍ത്ഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ്. ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠാദിനമായ ചിങ്ങമാസത്തിലെ ഉതൃട്ടാതിനാളിലാണ് പമ്പാനദിയില്‍ ആറന്മുള വള്ളംകളി നടക്കുന്നത്. തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി കാട്ടൂര്‍ മങ്ങാട്ടില്ലത്തുനിന്നും തിരുവാറന്മുള ക്ഷേത്രത്തിലേക്ക് വരുന്ന തോണിയെ അകമ്പടി സേവിച്ചിരുന്ന പള്ളിയോടങ്ങളുടെ പ്രൗഢിയും, കായികക്ഷമതയും, കലാമേന്മയും പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ചിങ്ങമാസത്തിലെ ഉത്രട്ടാതിനാളില്‍ ഈ ജലമേള സംഘടിപ്പിച്ചിട്ടുള്ളതു്.പമ്പാനദിക്കരയില്‍ ഈ വള്ളംകളി കാണുവാന്‍ ആയിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടുന്നു. 48 ചുണ്ടന്‍ വള്ളങ്ങള്‍ ഈ വള്ളംകളിയില്‍ പങ്കെടുക്കുന്നു. വള്ളംകളിയില്‍ വെള്ള മുണ്ടും തലപ്പാവുമണിഞ്ഞ തുഴച്ചില്‍ക്കാര്‍ വള്ളപ്പാട്ടുകള്‍ പാടുന്നു. പള്ളിയോടങ്ങളുടെ അമരച്ചാര്‍ത്തും നടുവിലായി ഉളള മുത്തുക്കുടയും കൊടി ചാമരങ്ങളും ഇത് ഒരു നയനാനന്ദകരമായ ജലോത്സവമാക്കുന്നു. നാലാം നൂറ്റാണ്ടുമുതല്‍ നടന്നുവരുന്ന ഈ ജലമേള, കലാസാംസ്‌കാരിക പൈതൃകത്തിന്റെ ഉദാത്തമായ ഉദാഹരണമാണ്. മനോഹരമായി അലങ്കരിക്കപ്പെട്ട പള്ളിയോടങ്ങളുടെ വര്‍ണാഭമായ ഘോഷയാത്രയും തുടര്‍ന്ന് മത്സരവള്ളംകളിയുമാണ് നടക്കുന്നത്. ഓരോ ചുണ്ടന്‍ വള്ളവും പമ്പയുടെ കരയിലുള്ള ഓരോരോ ഗ്രാമങ്ങളുടേതാണ്. അതാതു ഗ്രാമത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഈ വള്ളങ്ങള്‍ ഗ്രാമത്തിലെ ജനങ്ങളുടെ അഭിമാനമാണ്.