Sunday, November 30, 2014

സപ്തമിക്ക് കണ്ണനു മുന്നില്‍ പതിനായിരം വെളിച്ചെണ്ണ ദീപങ്ങളുടെ ജ്വാല...

!!! ഓം നമോ നാരായണായ !!!

സപ്തമിക്ക് കണ്ണനു മുന്നില്‍ പതിനായിരം വെളിച്ചെണ്ണ ദീപങ്ങളുടെ ജ്വാല...

ഗുരുവായൂര്‍: ഏകാദശിയുടെ സപ്തമിവിളക്കിന് വെള്ളിയാഴ്ച രാത്രി പതിനായിരം ദീപങ്ങള്‍ വെളിച്ചെണ്ണയില്‍ പ്രഭവിതറി.
ഏകാദശി വിളക്കുകളില്‍ വെളിച്ചെണ്ണയില്‍ തെളിഞ്ഞ ഏക വിളക്കായിരുന്നു സപ്തമി വിളക്ക്. ഗുരുവായൂരിലെ പുരാതന നെന്മിനി മനക്കാരുടെ വകയാണ് ഈ ചുറ്റുവിളക്ക്.
വിളക്കെഴുന്നള്ളിപ്പിന് മൂന്ന് ആനകളില്‍ അഴകാര്‍ന്ന ഇന്ദ്രസെന്‍ കോലമേറ്റി. അഞ്ച് ഇടയ്ക്കകളും, നാല് നാഗസ്വരങ്ങളും ഒത്തുചേര്‍ന്ന് രാഗങ്ങള്‍ ആലപിച്ച് മുന്നില്‍ നീങ്ങി. എഴുന്നള്ളിയ ഗുരുവായൂരപ്പനെ ആയിരങ്ങള്‍ നമസ്‌കരിച്ചു. നെയ്യില്‍ തെളിയുന്ന അഷ്ടമിവിളക്കാണ് ശനിയാഴ്ച. പുളിക്കീഴെ വാരിയത്തുകാരുടേതാണ് അഷ്ടമിവിളക്ക്. രാത്രി വിളക്കെഴുന്നള്ളിപ്പിന് വിശേഷസ്വര്‍ണ്ണക്കോലം എഴുന്നള്ളിക്കും. ഏകാദശി കഴിയുന്നതുവരെ വിളക്കിന് ഇനി സ്വര്‍ണ്ണക്കോലത്തിലാണ് ഗുരുവായൂരപ്പന്റെ എഴുന്നള്ളത്ത്. അഷ്ടമിവിളക്കിന് മൂന്നുനേരം മേളത്തോടെ എഴുന്നള്ളിപ്പ് നടക്കും. ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടിമാരാര്‍ മേളം നയിക്കും. സന്ധ്യയ്ക്ക് ചെര്‍പ്പുളശ്ശേരി ജയ-വിജയന്മാരുടെ ഇരട്ടത്തായമ്പക ഉണ്ടാകും.
ഞായറാഴ്ച നവമി നെയ്വിളക്ക് ആഘോഷിക്കും. 120 വര്‍ഷത്തിലേറെയായി കൊളാടി കുടുംബം നടത്തുന്ന നവമിവിളക്കിന് ഇപ്പോള്‍ നേതൃത്വം കാരണവരായ ഡോ. ജയകൃഷ്ണനാണ്. നവമിവിളക്കിന് രാത്രി ഗുരുവായൂരപ്പന്‍ എഴുന്നള്ളിയാല്‍ ശ്രീകോവില്‍ അടയ്ക്കില്ല.

പന്ത്രണ്ടുവിളക്കുതൊഴാന്‍ ശബരിമലയില്‍ ഭക്തജനത്തിരക്ക്‌...

പന്ത്രണ്ടുവിളക്കുതൊഴാന്‍ ശബരിമലയില്‍ ഭക്തജനത്തിരക്ക്‌...

ശബരിമല: പന്ത്രണ്ടുവിളക്ക് ദിവസമായ വെള്ളിയാഴ്ച ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്. സന്ധ്യകഴിഞ്ഞതോടെ ശരംകുത്തിവരെ അയ്യപ്പന്മാരുടെ നീണ്ടനിരയായിരുന്നു.

കര്‍പ്പൂരാരതി ഉഴിഞ്ഞാണ് അയ്യപ്പന്മാര്‍ പന്ത്രണ്ടുവിളക്ക് ഉത്സവത്തെ വരവേറ്റത്. മണിക്കൂറുകള്‍ കാത്തുനിന്നശേഷമാണ് കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ദര്‍ശനം നടത്തിയത്. പതിനെട്ടാംപടിയുടെ താഴെയും വലിയനടപ്പന്തലും ഭക്തരെക്കൊണ്ടുനിറഞ്ഞിരുന്നു. ഫ്‌ലൈഓവറിലെത്തിയ അയ്യപ്പഭക്തര്‍ക്കും മണിക്കൂറുകള്‍ കഴിഞ്ഞാണ് ദര്‍ശനം കിട്ടിയത്.

മരക്കൂട്ടത്തുനിന്ന് അയ്യപ്പന്മാരെ നിയന്ത്രിച്ചാണ് സന്നിധാനത്തേക്കയച്ചത്. വൈകീട്ട് നടതുറക്കും മുന്‍പേ വടക്കേനടയുടെ പരിസരം അയ്യപ്പഭക്തരെ ക്കൊണ്ടുനിറഞ്ഞു.

പന്പയില്‍ വാഹനങ്ങളുടെ തിരക്കായിരുന്നു. പന്പ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍നിന്ന് ത്രിവേണിവരെ പലയിടത്തും ഗതാഗത തടസ്സമുണ്ടായി.

Saturday, November 29, 2014

വൈക്കത്ത് ദക്ഷിണാമൂര്‍ത്തി സംഗീതോത്സവം ജനവരി എട്ടുമുതല്‍...

വൈക്കത്ത് ദക്ഷിണാമൂര്‍ത്തി സംഗീതോത്സവം ജനവരി എട്ടുമുതല്‍...

കോട്ടയം: വൈക്കം മഹാദേവക്ഷേത്രത്തില്‍ ജനവരി എട്ടുമുതല്‍ പതിനൊന്നുവരെ രണ്ടാമത് ദക്ഷിണാമൂര്‍ത്തി സംഗീതോത്സവം നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
500 കലാകാരന്‍മാര്‍ പങ്കെടുക്കും. സ്വന്തംജീവിതം സംഗീതാര്‍ച്ചനയ്ക്കായി സമര്‍പ്പിച്ച വി.ദക്ഷിണാമൂര്‍ത്തിയെ ആദരിക്കാന്‍വേണ്ടിയാണ് വര്‍ഷംതോറും ഇത് നടത്തുന്നത്. വോയിസ് ഫൗണ്ടേഷനും വൈക്കത്തെ കലാകാരന്‍മാരുമാണ് പരിപാടിയുടെ സംഘാടകര്‍.
ജനവരി എട്ടിന് വൈകീട്ട് അഞ്ചിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി ഗോവിന്ദന്‍ നായര്‍ സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. മുതിര്‍ന്ന കലാകാരന്‍മാരെ ആദരിക്കും.
ദക്ഷിണാമൂര്‍ത്തി ഗാനേന്ദുചൂഡപുരസ്‌കാരം പി.ജയചന്ദനും സംഗീതസുമേരുപുരസ്‌കാരം എം.എസ് വിശ്വനാഥനും ശ്രീകുമാരന്‍തമ്പിക്കും സമ്മാനിക്കും. 25001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
ലാല്‍ഗുഡി കൃഷ്ണന്‍,ലാല്‍ഗുഡി വിജയലക്ഷ്മി,ഐശ്വര്യ വിദ്യാരഘുനാഥ്,മാവേലിക്കര പി.സുബ്രഹ്മണ്യം,ഭരത് സുന്ദര്‍,എന്നിവര്‍ വിവിധ ദിവസം സംഗീതക്കച്ചേരികള്‍ നടത്തും. പഞ്ചരത്‌നകീര്‍ത്തനാലാപനവും ഉണ്ട്.
സംഗീതാര്‍ച്ചനയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കലാകാരന്‍മാര്‍ 9746480424 എന്ന നമ്പരില്‍ ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ www.voicefoundation.in എന്ന ഇമെയില്‍ വിലാസത്തില്‍ അറിയാം.
വോയിസ്ഫൗണ്ടേഷന്‍ ഭാരവാഹികളായ ഈശ്വരയ്യര്‍,ആനന്ദ്,എ.എസ്.മനോജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ഗുരുവായൂരില്‍ ഇന്ന് അഷ്ടമിവിളക്ക്; ഇനി എഴുന്നള്ളിപ്പിന് സ്വര്‍ണ്ണക്കോലം...

!!! ഓം നമോ നാരായണായ !!!

ഗുരുവായൂരില്‍ ഇന്ന് അഷ്ടമിവിളക്ക്; ഇനി എഴുന്നള്ളിപ്പിന് സ്വര്‍ണ്ണക്കോലം...

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ഏകാദശിയുടെ അഷ്ടമിവിളക്കുദിവസമായ ശനിയാഴ്ച മുതല്‍ ഗുരുവായൂരപ്പന്റെ വിശിഷ്ടസ്വര്‍ണ്ണക്കോലം എഴുന്നള്ളിക്കാന്‍ തുടങ്ങും. ഗുരുവായൂരിലെ പുരാതന തറവാടായ പുളിക്കീഴെ വാരിയത്ത് കുടുംബം വകയാണ് അഷ്ടമി ചുറ്റുവിളക്ക്.
അഷ്ടമിവിളക്കിന് രാത്രി നാലാമത്തെ പ്രദക്ഷിണത്തിനാണ് സ്വര്‍ണ്ണക്കോലം ആനപ്പുറത്ത് കയറ്റുക. കൊമ്പന്‍ വലിയ കേശവന്‍ കോലമേറ്റും. സ്വര്‍ണ്ണക്കോലത്തില്‍ പൊന്‍തിടമ്പുമായി കേശവന്‍ എഴുന്നേല്‍ക്കുന്നതോടെ പതിനായിരത്തോളം ദീപങ്ങള്‍ നറുനെയ്യില്‍ പ്രഭവിതറും.
നവമി, ദശമി, ഏകാദശി വിളക്കുകള്‍ക്കും സ്വര്‍ണ്ണക്കോലമാണ് എഴുന്നള്ളിക്കുക. ഗജരാജന്‍ കേശവനു മുന്‍പുണ്ടായിരുന്ന ഗജകേസരി പത്മനാഭന് തിരുവിതാംകൂര്‍ മഹാരാജാവ് സമ്മാനിച്ച വീരശൃംഖല ചാര്‍ത്തിയ സ്വര്‍ണ്ണക്കോലത്തിന് കോടികള്‍ വിലമതിക്കും. നിറയെ സ്വര്‍ണ്ണപ്പൂക്കളുള്ള കോലത്തിന് നടുവില്‍ മുരളീധരഗോളകയാണ്. മരതകക്കല്ലും, പ്രഭാമണ്ഡലവും, വ്യാളീമുഖവും ആലേഖനംചെയ്ത സ്വര്‍ണ്ണക്കോലം ഉത്സവം, ഏകാദശി, അഷ്ടമിരോഹിണി ആഘോഷങ്ങള്‍ക്കു മാത്രമേ എഴുന്നള്ളിക്കാറുള്ളൂ.
വെള്ളിയാഴ്ച സപ്തമി വിളക്ക് വെളിച്ചെണ്ണയില്‍ തെളിയും. വെളിച്ചെണ്ണയില്‍ തെളിയിക്കുന്ന ഏക ഏകാദശി ചുറ്റുവിളക്കാണിത്. നെന്മിനി മനക്കാരുടെ വകയാണ് സപ്തമിവിളക്ക്. വിളക്ക് കഴിഞ്ഞാല്‍ ബാക്കി വെളിച്ചെണ്ണയില്‍ ഒരുഭാഗം മനയില്‍ എത്തിക്കണമെന്നാണ് ചട്ടം. വിളക്കിന് എണ്ണ തികയാതെവരാന്‍ പാടില്ല എന്നുള്ളതാണ് പുരാതനകാലത്ത് മനയിലെ കാരണവന്‍മാര്‍ ഇങ്ങനെ നിശ്ചയിക്കാന്‍ കാരണം. ഈ ചട്ടം ഇന്നും മുടങ്ങാതെ നടക്കുന്നുണ്ട്.
വ്യാഴാഴ്ച ഷഷ്ഠിവിളക്ക് ആഘോഷിച്ചു. മാണിക്കത്ത് കുടുംബം വകയായിരുന്നു ഷഷ്ഠിവിളക്ക്. രാത്രി ഷഷ്ഠിവിളക്ക് തൊഴാന്‍ ഭക്തരുടെ നിറസാന്നിധ്യം അനുഭവപ്പെട്ടു. ക്ഷേത്രം അടിയന്തിരക്കാരായ ശശി, കൃഷ്ണകുമാര്‍ എന്നിവര്‍ എഴുന്നള്ളിപ്പിന് ഇടയ്ക്കയും മുരളി നാദസ്വരവും വായിച്ചു. മാണിക്കത്ത് ചന്ദ്രശേഖരമേനോന്‍, അച്യുതമേനോന്‍, ലക്ഷ്മിയമ്മ, കുമിദാദേവി എന്നിവര്‍ വിളക്കിന് നേതൃത്വം നല്‍കി.

Friday, November 28, 2014

മകയിരംനാള്‍ കേരളവര്‍മ്മരാജ പന്തളം രാജപ്രതിനിധി...

മകയിരംനാള്‍ കേരളവര്‍മ്മരാജ പന്തളം രാജപ്രതിനിധി...

പന്തളം: പന്തളത്തുനിന്ന് ജനവരി 12ന് ശബരിമലയിലേക്ക് തിരിക്കുന്ന തിരുവാഭരണഘോഷയാത്രയെ നയിക്കുന്നതിന് പന്തളം വലിയതമ്പുരാന്റെ പ്രതിനിധിയായി മകയിരംനാള്‍ കേരളവര്‍മ്മരാജയെ തിരഞ്ഞെടുത്തു. പന്തളം വലിയതമ്പുരാന്‍ രേവതിനാള്‍ പി.രാമവര്‍മ്മരാജയും കൊട്ടാരം നിര്‍വാഹകസംഘം ഭാരവാഹികളും ചേര്‍ന്നാണ് രാജപ്രതിനിധിയെ നിശ്ചയിച്ചത്.
കോട്ടയം നട്ടാശ്ശേരി കാഞ്ഞിരക്കാട് ഇല്ലത്ത് കെ.എന്‍.നാരായണന്‍ നമ്പൂതിരിയുടെയും പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ തിരുവോണംനാള്‍ അംബത്തമ്പുരാട്ടിയുടെയും മൂത്ത മകനാണ് കേരളവര്‍മ്മരാജ. കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ 39 വര്‍ഷത്തെ സേവനത്തിനുശേഷം സീനിയര്‍ ചാര്‍ജ്ജ്മാനായി വിരമിച്ചു. പന്തളം കൊട്ടാരം നിര്‍വ്വാഹകസംഘം വൈസ് പ്രസിഡന്റും പന്തളം പാലസ് വെല്‍ഫെയര്‍ സൊസൈറ്റി അംഗവുമാണ്. കൊച്ചി രാജകുടുംബാംഗം രാധികാ രാജയാണ് ഭാര്യ. മൈഥിലിരാജ, അതുല്‍രാജ എന്നിവരാണ് മക്കള്‍. മരുമകന്‍: രഞ്ജിത്ത് രാജന്‍.
ജനവരി 12ന് തിരുവാഭരണ ഘോഷയാത്രയെ നയിക്കാനായി പല്ലക്കിലേറിയാണ് രാജപ്രതിനിധി ശബരിമലയിലേക്ക് തിരിക്കുന്നത്. ഘോഷയാത്രയ്ക്ക് മുന്നോടിയായി, കൊട്ടാരത്തിലും വലിയകോയിക്കല്‍ ധര്‍മ്മശാസ്താക്ഷേത്രത്തിലും ശബരിമലയാത്രയിലും മടക്കയാത്രയിലുമൊക്കെ രാജപ്രതിനിധി ആചാരപരമായ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.

അരവണ നിര്‍മാണം പുനരാരംഭിച്ചു

അരവണ നിര്‍മാണം പുനരാരംഭിച്ചു

ശബരിമല: അരവണ നിര്‍മാണം ഇന്നലെ പുലര്‍ച്ചെ 1.30 ന് പുനരാരംഭിച്ചെന്നു ശബരിമല എക്‌സിക്യുട്ടീവ് ഓഫീസര്‍ വി.എസ്. ജയകുമാര്‍ പറഞ്ഞു. ഇനിയുള്ള ദിവസങ്ങളില്‍ നിര്‍മാണം മുടങ്ങാതെ ചേരുവകകള്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. അരവണ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ചേരുവകകളിലൊന്നായ കല്‍ക്കണ്ടത്തിന്റെ വിതരണ കരാര്‍ കുമളിയിലെ ഹൈറേഞ്ച് മാര്‍ക്കറ്റിംഗ് സൊസൈറ്റിക്കാണ് നല്‍കിയിരുന്നത്. ഭക്ഷ്യ സുരക്ഷാ ഗുണനിലവാരമനുസരിച്ചുള്ള കല്‍ക്കണ്ടം ഇവര്‍ വിതരണം ചെയ്യാതിരുന്നതിനെ തുടര്‍ന്ന് ശബരിമല സ്‌റ്റോറിലെ കല്‍ക്കണ്ടം സ്‌റ്റോക്ക് തീര്‍ന്നു. ഇത് മൂലം അരവണ നിര്‍മാണം നിര്‍ത്തി വയ്‌ക്കേണ്ടി വരികയായിരുന്നു. തുടര്‍ന്ന് ഗുണമേന്മയുള്ള കല്‍ക്കണ്ടം പ്രാദേശിക വിപണിയില്‍ നിന്നും ദേവസ്വം ബോര്‍ഡ് നേരിട്ട് ശേഖരിച്ചാണ് അരവണ നിര്‍മാണം പുനരാരംഭിച്ചത്. ശബരിമലയില്‍ തെര്‍മിക് ഫ്ളൂയിഡ്, ഇലക്ട്രിക്, ഗ്യാസ് എന്നീ മൂന്ന് വ്യത്യസ്ഥ രീതിയിലുള്ള ഇന്ധനം ഉപയോഗിക്കുന്ന മൂന്ന് പ്ലാന്റുകളിലാണ് ഉണ്ണിയപ്പ നിര്‍മ്മാണം നടക്കുന്നത്. ഇതില്‍ ആകെ ഉത്പാദനത്തിന്റെ 60 ശതമാനവും തെര്‍മിക് ഫ്്ളൂയിഡ് ഇന്ധന പ്ലാന്റിലാണ് നിര്‍മിക്കുന്നത്. ഇതിനു പുറമേ വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കാരകളും, ആവശ്യമായി വരുന്ന പക്ഷം പ്രവര്‍ത്തിപ്പിക്കുന്നതിന് ഗ്യാസ് കൊണ്ട് പ്രവര്‍ത്തിക്കുന്ന പ്ലാന്റുമുണ്ട്. നിലവിലെ പ്രതിദിന ഉത്പാദന ശേഷി 1.25 ലക്ഷം കവര്‍ അപ്പമാണ്.

!!!! സ്വാമിയേ ശരണമയ്യപ്പാ !!!!

Thursday, November 27, 2014

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ നാളെ മുതല്‍ വണ്‍വേ...

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ നാളെ മുതല്‍ വണ്‍വേ...

ഗുരുവായൂര്‍: ക്ഷേത്ര നഗരിയിലെ ഏറ്റവും തിരക്കേറിയ മഞ്ജുളാല്‍ മുതല്‍ കിഴക്കേ നട സത്രം ഗേറ്റ് വരെയുള്ള റോഡില്‍ വെള്ളിയാഴ്ച മുതല്‍ വണ്‍വേ സംവിധാനം നടപ്പാക്കുന്നു. ശബരിമല - ഏകാദശി സീസണിന്റെ ഭാഗമായി കിഴക്കേ നടയില്‍ രാപകല്‍ വ്യത്യാസമില്ലാതെ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് ഇത്.
വണ്‍വേ പ്രകരം മഞ്ജുളാല്‍ ഭാഗത്തുനിന്ന് ക്ഷേത്ര നടയിലേക്ക് ഒരേ ദിശയിലേക്ക് മാത്രം വാഹനങ്ങള്‍ കടത്തിവിടുമ്പോള്‍ കാലങ്ങളായുള്ള ഗതാഗതപ്രശ്‌നത്തിനാണ് പരിഹാരമാകുന്നത്. ഈ റോഡില്‍നിന്ന് വടക്ക് - തെക്ക് ഔട്ടര്‍ റിങ് റോഡുകളിലേക്കും പടിഞ്ഞാറെ നടയിലേക്കും അനുബന്ധ റോഡുകളുണ്ട്. അതുകൊണ്ട് ഭക്തര്‍ക്ക് വണ്‍വേ ബുദ്ധിമുട്ടുണ്ടാക്കില്ല. കിഴക്കേ നടയില്‍നിന്ന് നടന്നു വരുന്ന തീര്‍ത്ഥാടകര്‍ക്ക് വാഹനങ്ങളുടെ തിരക്കില്‍പ്പെടാതെ ക്ഷേത്രദര്‍ശനത്തിനെത്താനാകും.
ഈ റോഡിന്റെ ഇരുവശത്തും നടപ്പാത നിര്‍മ്മിച്ച് കൈവരികള്‍ പിടിപ്പിച്ച് കാല്‍നടയാത്ര സുരക്ഷിതമാക്കണമെന്നുള്ള നിര്‍ദ്ദേശമുയര്‍ന്നു. ഗുരുവായൂര്‍ നഗരസഭാ ലൈബ്രറി ഹാളില്‍ നടന്ന ട്രാഫിക് റെഗുലേറ്ററി യോഗത്തില്‍ ആക്ടിങ് ചെയര്‍മാന്‍ മഹിമ രാജേഷ് അധ്യക്ഷയായി. എസിപി ആര്‍. ജയചന്ദ്രന്‍പിള്ള, സിഐ എം.യു. ബാലകൃഷ്ണന്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുരേഷ്, നഗരസഭാ പ്രതിപക്ഷ നേതാവ് കെ.പി.എ. റഷീദ്, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എ. ജേക്കബ്, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രതിനിധി വി. മനോജ് മേനോന്‍, ഓട്ടോ - ടാക്‌സി യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഗുരുവായൂരില്‍ ഇന്ന് ഷഷ്ഠിവിളക്ക്; വെളച്ചെണ്ണവിളക്ക് നാളെ...

ഗുരുവായൂരില്‍ ഇന്ന് ഷഷ്ഠിവിളക്ക്; വെളച്ചെണ്ണവിളക്ക് നാളെ...

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ വ്യാഴാഴ്ച ഷഷ്ഠിവിളക്ക് തെളിയും. ദീപങ്ങളെല്ലാം വെളിച്ചെണ്ണയില്‍ കത്തുന്ന സപ്തമിവിളക്ക് വെള്ളിയാഴ്ച ആഘോഷിക്കും.
ആചാരത്തിന് പ്രാധാന്യം നല്‍കുന്ന ഷഷ്ഠിവിളക്ക് ഗുരുവായൂരിലെ പുരാതന കുടുംബമായ മാണിക്കത്തുകാരുടെ വകയാണ്. വെളിച്ചെണ്ണയില്‍ തെളിയുന്ന സപ്തമിവിളക്ക് നെന്മിനി മനക്കാരുടെ വകയാണ്. വെളിച്ചെണ്ണയില്‍ പ്രഭചൊരിയുന്ന ഏക ഏകാദശി വിളക്കുകൂടിയാണിത്. മറ്റു വിളക്കുകളെല്ലാം നെയ്യിലോ എണ്ണയിലോ ആണ് കത്തിക്കുക. വെളിച്ചെണ്ണ തയ്യാറാക്കാന്‍ നാളികേരത്തിന് പ്രത്യേക പറമ്പുതന്നെ മനക്കാര്‍ നീക്കിവെച്ചിരുന്നു. ഏതാനും ഏക്കര്‍ ഭൂമി ദേവസ്വത്തിന് മനക്കാര്‍ നല്‍കിയിട്ടുണ്ട്.
കാലം മാറിയതോടെ വെളിച്ചെണ്ണ വാങ്ങുകയാണ് പതിവ്. ബുധനാഴ്ച ക്ഷേത്രത്തില്‍ പഞ്ചമിവിളക്ക് ആഘോഷിച്ചു. കപ്രാട്ട് കുടുംബത്തിന്റെ വകയായിരുന്നു വിളക്ക്. രാത്രി വിളക്കെഴുന്നള്ളിപ്പിന് ഇടയ്ക്ക, നാഗസ്വര പ്രദക്ഷിണം ക്ഷേത്ര പാരമ്പര്യ പ്രവൃത്തിക്കാര്‍ നയിച്ചു. സന്ധ്യയ്ക്ക് ഒമ്പതാം ക്ലൂസ്സ് വിദ്യാര്‍ഥി അനിരുദ്ധ് കൃഷ്ണയുടെ തായമ്പക ശ്രദ്ധേയമായി. അക്കിക്കാവ് വേങ്ങാട്ടൂര്‍ മനയിലെ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ മകനായ അനിരുദ്ധ് കൃഷ്ണ ചെണ്ട കസേരയില്‍ വെച്ചാണ് തായമ്പക കെട്ടിത്തിമര്‍ത്തത്. തായമ്പക കൊട്ടിക്കഴിഞ്ഞതോടെ ഭക്തര്‍ കുട്ടിയെ അനുമോദിച്ചു. അനിരുദ്ധ് കൃഷ്ണയുടെ അമ്മ മീരാ അന്തര്‍ജ്ജനവും അനുജത്തി ആര്യാനന്ദയും തായമ്പക കാണാന്‍ എത്തിയിരുന്നു.

ശബരിമലയില്‍ ഓണ്‍ലൈനായി ബുക്കുചെയ്യാവുന്ന മുറികളുടെ എണ്ണം കുറച്ചു...

ശബരിമലയില്‍ ഓണ്‍ലൈനായി ബുക്കുചെയ്യാവുന്ന മുറികളുടെ എണ്ണം കുറച്ചു...

ശബരിമല: ഓണ്‍ലൈന്‍ ബുക്കിങ്വഴി വാടകയ്ക്കുനല്‍കുന്ന മുറികളുടെ എണ്ണം പകുതിയിലധികമായി ചുരുക്കി. ഓണ്‍ലൈന്‍ ബുക്കിങ്ങിന് കൂടുതല്‍ മുറികള്‍ മാറ്റിവച്ചതോടെ കെട്ടിടങ്ങള്‍ നിര്‍മിച്ചുനല്‍കിയവര്‍ക്കുപോലും മുറികള്‍ നല്‍കാന്‍ കഴിയാത്തതിനാലാണിത്.
അറുനൂറ്റഞ്ചു മുറിയാണ് സന്നിധാനത്ത് അയ്യപ്പഭക്തര്‍ക്ക് വാടകയ്ക്കു നല്‍കുന്നത്. ഇവയെല്ലാം, ഭക്തര്‍ അവര്‍ക്കുകൂടി താമസിക്കാന്‍ നല്‍കണമെന്ന വ്യവസ്ഥയില്‍ നിര്‍മിച്ച് ദേവസ്വംബോര്‍ഡിനു നല്‍കിയതാണ്. 605 മുറിയില്‍ 135 എണ്ണം ശബരിമലസേവനത്തിനെത്തിയ വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരുടെ താമസത്തിനായി വിട്ടുകൊടുത്തിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ വിട്ടുകൊടുത്ത മുറികളുടെ എണ്ണം പരിഗണിക്കാതെ ആകെയുള്ള 605 മുറിയുടെ 25 ശതമാനം ഓണ്‍ലൈന്‍ ബുക്കിങ്ങിനായി മാറ്റി.
മേലില്‍ 100 മുറി മാത്രമേ ഇങ്ങനെ നല്‍കൂ. എന്നാല്‍ ഇതിനകം മുറികള്‍ ബുക്കുചെയ്തിട്ടുള്ളവര്‍ക്ക് കിട്ടും. 228 മുറിയാണ് ഇതിനകം ബുക്കിങ് അനുവദിച്ചിട്ടുള്ളത്. ഓണ്‍ലൈന്‍ ബുക്കിങ് ആഴ്ചകള്‍ക്കുമുമ്പുതന്നെ പൂര്‍ണമായി നിറഞ്ഞു. ഇതിനാല്‍ മുറി നിര്‍മിച്ചുനല്‍കിയവരും അവരുടെ അനുവാദത്തോടെ പാസ്സുമായി വരുന്നവര്‍ക്കും മുറി കൊടുക്കാനില്ലാതായി.
സന്നിധാനത്ത് മുറി നിര്‍മിച്ചുനല്‍കിയവര്‍ക്ക് വര്‍ഷം അഞ്ചുതവണ സൗജന്യമായി താമസിക്കാം. മണ്ഡലകാലത്ത് രണ്ടുദിവസം, മകരവിളക്കുസമയത്ത് രണ്ടുദിവസം, വിഷുവിന് ഒരുദിവസം എന്നാണ് കണക്ക്. പത്തുദിവസം ഡോണര്‍ നിര്‍ദേശിക്കുന്നവര്‍ക്കും മുറി വിട്ടുനല്‍കണം. ഇത് സൗജന്യമല്ല; ദേവസ്വംബോര്‍ഡ് നിശ്ചയിച്ചിരിക്കുന്ന വാടക നല്‍കണം.

Wednesday, November 26, 2014

സ്വാമി സംഗീതമാലപിക്കും...‍

!!! ഓം സ്വാമിയേ ശരണം അയ്യപ്പാ !!!

സ്വാമി സംഗീതമാലപിക്കും...

മനുഷ്യന്റെ പാട്ടുകേട്ടുറങ്ങുന്ന ദൈവമാണ് ശബരിമലയിലേത്. യേശുദാസ് എന്ന ശബ്ദത്തില്‍ മയങ്ങുന്ന ആയിരങ്ങളിലൊരുവനായി അയ്യപ്പനും. ലോകത്തിലെ ഒരു ഗായകനും കിട്ടാത്ത ഭാഗ്യം. അവിടെ നടതുറന്നിരിക്കുന്ന നാളുകളിലെ രാവുകളിലെല്ലാം സോപാനത്തിലെ വിളക്കുകള്‍ ഓരോന്നായി അണയും നേരം യേശുദാസ് അയ്യപ്പന് താരാട്ടായി മാറുന്നു. പതിനെട്ടുമലകളും അതുകേട്ടുറങ്ങുന്നു..

വിഗ്രഹവും നെയ്യും തമ്മിലുള്ള ബന്ധം പോലെയൊന്നാണത്. എത്രയോ കാലമായി യേശുദാസ് അയ്യപ്പനുമീതേ ശബ്ദമായി ഒഴുകിനിറയുന്നു. അഭിഷേകമായി മാറുന്ന ആലാപനം. അയ്യപ്പനുവേണ്ടി യേശുദാസ് പാടിയ പാട്ടുകള്‍ക്ക് കണക്കില്ല. അതില്‍ ചിലതുകേള്‍ക്കുമ്പോള്‍ തോന്നും തനിക്കായി പാടാന്‍,തന്റെ ശബ്ദമാകാന്‍ ഗായകരില്‍ ഒരു ഗഗനചാരിയെ സൃഷ്ടിക്കുകയായിരുന്നു അയ്യപ്പനെന്ന്.
യേശുദാസിനെ ഇന്നു കാണുന്ന രൂപത്തില്‍ സൃഷ്ടിച്ചതുതന്നെ അയ്യപ്പനാണ്. ആദ്യകാലത്ത് അദ്ദേഹത്തിന് താടിയും മീശയുമില്ലായിരുന്നു.

ശബരിമലയ്ക്ക് പോകാന്‍ വ്രതമെടുത്തപ്പോഴാണ് യേശുദാസ് ആദ്യമായി താടിവച്ചത്. പയ്യെപ്പയ്യെ അത് ഹൃദയത്തെ ഇരുമുടികളായി പകുത്തുവയ്ക്കുകയായിരുന്നു. 'താടി വടിച്ചു കഴിഞ്ഞപ്പോള്‍ വല്ലാത്ത അസ്വസ്ഥത പോലെ. പാടുമ്പോഴൊന്നും ഒരു സുഖം കിട്ടുന്നില്ല. അങ്ങനെ വളര്‍ത്തിത്തുടങ്ങിയതാണിത്.' സപ്തതിവേളയില്‍ കണ്ടപ്പോള്‍ ഏഴുസ്വരങ്ങളും തഴുകിനില്‍ക്കുന്ന താടിയെത്തൊട്ട് യേശുദാസ് പറഞ്ഞു. അയ്യപ്പന്റെ നാളായ ഉത്രമാണ് യേശുദാസിന്റേതും. അച്ഛന്‍ അഗസ്റ്റിന്‍ജോസഫിന്റെ നാളും അതുതന്നെ. അതേക്കുറിച്ച് പറഞ്ഞപ്പോള്‍ യേശുദാസിന്റെ വാചകങ്ങള്‍ ഇതായിരുന്നു: ഇതൊക്കെ കാണുമ്പോള്‍ എങ്ങനെ വിശ്വസിക്കാതിരിക്കും. എന്റെ ജീവിതത്തില്‍ അയ്യപ്പന്‍ അത്രയും നിറഞ്ഞു നില്‍ക്കുകയാണ്.'

വൈക്കത്തെ വാസുദേവന്‍ നമ്പൂതിരിയില്‍ നിന്നാണ് ശബരിമലയെയും അയ്യപ്പനെയും പറ്റി കൂടുതല്‍ അറിഞ്ഞതെന്ന് യേശുദാസ് എഴുതിയിട്ടുണ്ട്. ആഗ്രഹം പമ്പകടന്നുചെന്നപ്പോള്‍ അദ്ദേഹം ദേവസ്വത്തിന് കത്തയച്ചു. ഇരുമുടിയും വ്രതദീക്ഷയുമുണ്ടെങ്കില്‍ ഏതുഭക്തനും ദര്‍ശനമാകാമെന്നും താങ്കള്‍ തീര്‍ച്ചയായും വരണമെന്നുമായിരുന്നു മറുപടി. യേശുദാസിന്റെ ഓര്‍മയില്‍ ആദ്യത്തെ ശബരിമലയാത്ര 1976ലാണ്. മുംബൈയില്‍നിന്നുള്ള അപ്പുനായര്‍,ഉണ്ണിച്ചേട്ടന്‍ എന്നിവര്‍ക്കൊപ്പമായിരുന്നു മലചവിട്ടിയത്. സങ്കല്പത്തിനതീതമായ സാഹോദര്യവും സഹവര്‍ത്തിത്വവും സമത്വവും സന്നിധാനത്ത് ദര്‍ശിച്ചുവെന്നാണ് കന്നിസ്വാമിയായപ്പോഴുള്ള അനുഭവങ്ങളെക്കുറിച്ച് യേശുദാസ് കുറിച്ചത്. പിന്നീട് എത്രയോ യാത്രകള്‍. കറുപ്പുടുത്ത് താടിനീട്ടിവളര്‍ത്തി സദ്യവിളമ്പുന്ന യേശുദാസിനെ തരംഗിണിയിലെ പഴയ ചിത്രങ്ങളില്‍ കാണാം.

മഞ്ഞിന്റെ മാലയിട്ട മണ്ഡലക്കാലത്ത് ഇന്നും കേരളത്തില്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന സ്വരം യേശുദാസിന്റേതാണ്. തരംഗിണിയുടെ അയ്യപ്പഭക്തിഗാനങ്ങള്‍ ഒരുകാലം കേരളത്തിന്റെ കാതുകളില്‍ ശരണംവിളിച്ചുനിന്നു. വൃശ്ചികം സ്വാമിസംഗീതത്തിന്റെ മാസമായത് അങ്ങനെയാണ്. തംരഗിണിയുടെ 'ഹരിഹരസുതഅഷേ്ടാത്തരശതക'ത്തിലേതാണ് ശബരിമലയില്‍ കേള്‍ക്കുന്ന ഹരിവരാസനം. 'ഒരു നോട്ടമെങ്കിലും കിട്ടാന്‍ കൊതിച്ച് ഒരു മഹാശക്തിക്ക് മുന്നില്‍ നില്‍ക്കുന്ന ആയിരക്കണക്കിന് പേര്‍.അവരില്‍ നിന്ന് എന്നെ മാത്രം അടുത്തു വിളിച്ച് പാടൂ..എന്ന് പറയുമ്പോഴുണ്ടാകുന്ന വികാരമില്ലേ അതാണ് ഹരിവരാസനം എനിക്ക് തരുന്നത്.' അയ്യപ്പന്റെ ഉറക്കുപാട്ടിന് ശബ്ദമായതിനെക്കുറിച്ച് യേശുദാസ് പറഞ്ഞതിങ്ങനെ. മുപ്പതുവര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും പാടാന്‍ അയ്യപ്പന്‍ പറഞ്ഞു. അങ്ങനെ 'തത്ത്വമസി' എന്ന സിനിമയ്ക്കുവേണ്ടി യേശുദാസിന്റെ ശബ്ദത്തില്‍ ഹരിവരാസനമൊഴുകി.

കഠിനപാതകള്‍ താണ്ടിയെത്തുന്ന ഭക്തകോടികള്‍ സന്നിധാനത്തുവച്ച് ഹരിവരാസനം കേള്‍ക്കേ കല്ലുംമുള്ളുമേല്‍പ്പിച്ച മുറിവുകള്‍ മറക്കുന്നു. ആറുമിനിട്ടില്‍ നിറയുന്ന ആശ്വാസം. അയ്യപ്പമൂലമന്ത്രത്തിന്റെ പവിത്രതയുള്ള പാട്ടായി മാറിക്കഴിഞ്ഞു അത്. യേശുദാസ് ഇതുവരെ നടയ്ക്കരികില്‍ നിന്ന് ഹരിവരാസനം കേട്ടിട്ടില്ല. സ്വന്തം സ്വരത്തിന്റെ തൊട്ടിലില്‍ അയ്യപ്പനുറങ്ങുന്ന ദൃശ്യം അതുകൊണ്ടുതന്നെ അദ്ദേഹത്തിന് അനുഭവിക്കാനുമായിട്ടില്ല. പമ്പയില്‍ വച്ച് ഒരിക്കല്‍ കേട്ടു. 'മലയുടേയും കാടിന്റേയും നിശബ്ദതയിലും തണുപ്പിലും നടുവില്‍ നിന്നു വേണം അത് കേള്‍ക്കാന്‍. ആ പാട്ടിന്റെ അനുഭൂതി അപ്പോഴേ ശരിക്ക് അനുഭവിക്കാനാകൂ.'-യേശുദാസ് പറയുന്നു.

രാവിലെ നടതുറക്കുമ്പോള്‍ ശബരിമലയില്‍ മുഴങ്ങുന്ന അയ്യപ്പ സുപ്രഭാതവും യേശുദാസിന്റേതാണ്. പാടിയുറക്കാനും പാടിയുണര്‍ത്താനും ഒരേയൊരാള്‍. അങ്ങനെ പുണ്യം എന്ന വാക്ക് വെള്ളവസ്ത്രംധരിച്ചാല്‍ യേശുദാസായി മാറുന്നു. ' ഈ ലോകത്തിന്റെ കാര്യത്തില്‍ നമുക്ക് വല്ല പിടിയുമുണ്ടോ? നമ്മള്‍ എവിടെ നിന്ന് വന്നു എന്ന് ആലോചിച്ചാല്‍ എന്തുത്തരമാണ് കിട്ടുക. എന്റെ ശബ്ദത്തെക്കുറിച്ച് കെട്ടുകഥകള്‍ ഒരുപാട് ഉണ്ടായിട്ടുണ്ട്. അതൊന്നും ശരിയല്ല. എത്ര ജന്മമെടുത്തു നാം,ഇനിയെത്ര ജന്മമുണ്ടാകും എന്നൊക്കെ ആലോചിക്കാറുണ്ട്. എത്രയോ ജന്മങ്ങളിലൂടെ കടന്നു വന്ന് എന്നിലെത്തി നില്‍ക്കുന്നതാകാം ഈ സംഗീതം.'- എവിടെ നിന്നുകിട്ടി ഈ സ്വരം,അതിനുവേണ്ടി എന്തുപുണ്യമാണ് ചെയ്തതെന്ന് ചോദിച്ചപ്പോള്‍ യേശുദാസ് പറഞ്ഞ മറുപടി ഇതായിരുന്നു.